ADVERTISEMENT

കൊച്ചി ∙ കരുവന്നൂർ ബാങ്ക് കേസിലെ മൂന്നാം പ്രതിയും സിപിഎം പ്രാദേശിക നേതാവും വടക്കാഞ്ചേരി നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനുമായ പി.ആർ.അരവിന്ദാക്ഷനെ (57) വിശദമായ ചോദ്യം ചെയ്യാൻ ഒരു ദിവസത്തേക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കസ്റ്റഡിയിൽ നൽകി. ഇന്നു വൈകിട്ടു 4 മണി വരെയാണിത്. കൂട്ടുപ്രതിയും കരുവന്നൂർ ബാങ്കിലെ മുൻ സീനിയർ അക്കൗണ്ടന്റുമായ സി.കെ.ജിൽസിനെയും ഒരു ദിവസം കസ്റ്റഡിയിൽ വിട്ടു. 

ഇരുവരും അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നും കേസിൽ ഉന്നതരായ കൂടുതൽ പ്രതികളുണ്ടോയെന്നു കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തണമെന്നും ഇ.ഡി സ്പെഷൽ പ്രോസിക്യൂട്ടർ എം.ജെ.സന്തോഷ് വാദിച്ചു. അറസ്റ്റിനു മുന്നോടിയായി നടത്തിയ ചോദ്യം ചെയ്യലിനിടയിൽ ഇ.ഡി. ഉദ്യോഗസ്ഥർ അരവിന്ദാക്ഷനെ മർദിച്ചതായി പ്രതിഭാഗം ബോധിപ്പിച്ചു.

പ്രതികളെ മാനസികവും ശാരീരികവുമായി പീ‍ഡിപ്പിക്കരുതെന്നും കോടതിയിൽ തിരികെ ഹാജരാക്കും മുൻപു വൈദ്യപരിശോധന നടത്തണമെന്നും ചോദ്യം ചെയ്യലിനിടയിൽ ആവശ്യത്തിനു വിശ്രമം അനുവദിക്കണമെന്നും അഭിഭാഷകന്റെ സേവനം ലഭ്യമാക്കണമെന്നും കോടതി നിർദേശിച്ചു. 3 ദിവസത്തെ കസ്റ്റഡിയാണ് ഇ.ഡി. ചോദിച്ചിരുന്നത്. കരുവന്നൂർ ബാങ്കിനു സമാനമായി അരവിന്ദാക്ഷന്റെ ഒത്താശയോടെ വായ്പ തട്ടിപ്പു നടന്നതായി ഇ.ഡി.സംശയിക്കുന്ന തൃശൂർ സഹകരണബാങ്കിലെ സെക്രട്ടറി എൻ.ബി.ബിനുവിനെ അന്വേഷണ സംഘം ഇന്നലെ ചോദ്യം ചെയ്തു. 

മാധ്യമപ്രവർത്തകരെ പൊലീസ് തടഞ്ഞു; ജഡ്ജി ഇടപെട്ട് പരിഹരിച്ചു

കൊച്ചി∙ കരുവന്നൂർ കേസിലെ പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കുന്നതു റിപ്പോർട്ട് ചെയ്യുന്നതു സംബന്ധിച്ചുണ്ടായ ആശയക്കുഴപ്പം ജഡ്ജി ഷിബു തോമസ് ഇടപെട്ടു പരിഹരിച്ചു. പ്രതികളെ ഇന്നലെ രാവിലെ 11നു കോടതിയിൽ ഹാജരാക്കിയപ്പോൾ മാധ്യമപ്രവർത്തകരെ പൊലീസ് തടഞ്ഞു. കോടതി റജിസ്ട്രാറുടെ നിർദേശപ്രകാരമാണു കോടതി മുറിയിലേക്കു റിപ്പോർട്ടർമാരെ പ്രവേശിപ്പിക്കാത്തതെന്നു പൊലീസ് അറിയിച്ചു. എന്നാൽ വിവരം അറിഞ്ഞ ജഡ്ജി മാധ്യമപ്രവർത്തരുടെ പ്രതിനിധികളുമായി ചർച്ച നടത്തിയ ശേഷം കേസ് നടപടികൾ തുടർന്നു റിപ്പോർട്ട് ചെയ്യുന്നതിനു തടസ്സമില്ലെന്ന് അറിയിച്ചു. കേസിൽ സിപിഎം പ്രാദേശിക നേതാവായ അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തു കോടതിയിലെത്തിക്കും വരെ ഈ കേസിന്റെ നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിനു പിഎംഎൽഎ സ്പെഷൽ കോടതിയിൽ വിലക്കുണ്ടായിരുന്നില്ല. പക്ഷേ, ഇന്നലെ പൊലീസ് കോടതിയിലെ വാർത്താ ശേഖരണം തടസ്സപ്പെടുത്താൻ ശ്രമിച്ചതെന്തിനെന്നതിൽ അവ്യക്തത നിലനിൽക്കുന്നു.

English Summary: PR Aravindakshan and Jills in Enforcement Directorate custody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com