സോളർ ഗൂഢാലോചന: കോടതി നടപടികൾക്കുള്ള സ്റ്റേ ഒക്ടോബർ 16 വരെ നീട്ടി

Mail This Article
കൊച്ചി ∙ സോളർ കേസിലെ പരാതിക്കാരിയുടെ കത്തിൽ കൂട്ടിച്ചേർക്കലുകളുണ്ടായെന്നും ഗൂഢാലോചന നടത്തിയെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരു പിന്നീട് എഴുതിച്ചേർത്തതാണെന്നും ഉൾപ്പെടെ ആരോപിച്ചു നൽകിയ പരാതിയിൽ കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ നടപടികൾക്കുള്ള സ്റ്റേ ഹൈക്കോടതി ഒക്ടോബർ16 വരെ നീട്ടി. ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണനാണു ഹർജി പരിഗണിച്ചത്. ഹർജി 16നു വീണ്ടും പരിഗണിക്കും.
മുൻമന്ത്രി കെ.ബി. ഗണേഷ് കുമാറിനെയും സോളർ കേസിലെ പരാതിക്കാരിയെയും എതിർകക്ഷികളാക്കി അഡ്വ. സുധീർ ജേക്കബാണു പരാതി നൽകിയത്. തുടർന്നു കൊട്ടാരക്കര കോടതി ഇരുവർക്കും സമൻസ് അയച്ചിരുന്നു. ഇതിനെതിരെ ഗണേഷ് കുമാർ നൽകിയ ഹർജിയിൽ ഹൈക്കോടതി മേയിൽ ആറുമാസത്തേക്കു നടപടികൾ സ്റ്റേ ചെയ്തിരുന്നു. കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ തുടർ നടപടികൾക്കു നേരത്തെ അനുവദിച്ചിരുന്ന സ്റ്റേ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചു. 18നു ഹാജരാകാൻ കൊട്ടാരക്കര കോടതി ഗണേഷിനു കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു.
English Summary : Solar conspiracy: Stay for court proceedings extended till October 16