ജോലിക്കു കൈക്കൂലി 1.75 ലക്ഷം; മന്ത്രി വീണാ ജോർജിന്റെ സ്റ്റാഫ് അംഗത്തിന് എതിരെ പരാതി

Mail This Article
തിരുവനന്തപുരം / മലപ്പുറം ∙ ഹോമിയോ ഡോക്ടറായി താൽക്കാലികജോലി വാഗ്ദാനം ചെയ്തു മന്ത്രി വീണാ ജോർജിന്റെ പഴ്സനൽ സ്റ്റാഫ് അംഗം അഖിൽ മാത്യു, പത്തനംതിട്ട സിഐടിയു ഓഫിസ് മുൻ സെക്രട്ടറി അഖിൽ സജീവ് എന്നിവർ ചേർന്ന് 1.75 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് പരാതി.
റിട്ട ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ മലപ്പുറം സാജു റോഡിലെ കാവിൽ അധികാരക്കുന്നത്ത് ഹരിദാസൻ കുമ്മോളിയാണു മന്ത്രിക്കു പരാതി നൽകിയത്. ഹരിദാസന്റെ മകന്റെ ഭാര്യ ഡോ.ആർ.ജി. നിത രാജിനാണു ജോലി വാഗ്ദാനം നൽകിയത്. അഖിൽ മാത്യു മന്ത്രിയുടെ ബന്ധുവാണെന്നും ഹരിദാസൻ പരാതിയിൽ ആരോപിച്ചു. മന്ത്രി പരാതി ഡിജിപിക്കു കൈമാറി.
ഇതിനിടെ, ഹരിദാസനെതിരെ അഖിൽ മാത്യു സിറ്റി പൊലീസ് കമ്മിഷണർക്കു നൽകിയ പരാതിയിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്തു. ഡോ. നിത രാജിനു ഹോമിയോ മെഡിക്കൽ ഓഫിസറായി നിയമന ഉത്തരവ് അയച്ചതു വ്യാജ ഇ-മെയിലാണെന്നു സ്ഥിരീകരിച്ചു. നാഷനൽ ആയുഷ് മിഷൻ ഓഫിസിന്റെ മലപ്പുറം ഓഫിസിന്റെ പേരിലാണ് മെയിൽ.
ഇതിൽ നേരിട്ട് നിയമന ഉത്തരവ് വരുമെന്നു സൂചിപ്പിച്ചിരുന്നു. ഇതു ലഭിക്കാതെ വന്നപ്പോൾ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പു മനസ്സിലായതെന്നു പരാതിക്കാരൻ പറഞ്ഞു. സിഐടിയു ഓഫിസ് സെക്രട്ടറിയായിരുന്ന അഖിൽ സജീവിനെ സാമ്പത്തിക ക്രമക്കേടു നടത്തിയതിന് ഒരുവർഷം മുൻപു പുറത്താക്കിയെന്നു സിഐടിയു പത്തനംതിട്ട ജില്ലാ സെക്രട്ടറി പി.ബി.ഹർഷകുമാർ അറിയിച്ചു.
അഖിൽ മാത്യു ചെയ്യാത്ത കാര്യം: മന്ത്രി വീണ
കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ അഖിൽ മാത്യുവിനോട് അന്നുതന്നെ വിശദീകരണം തേടിയിരുന്നുവെന്നും അഖിൽ ബന്ധുവല്ലെന്നും മന്ത്രി വീണാ ജോർജ്. ‘‘പരാതിക്കാരൻ എന്റെ പ്രൈവറ്റ് സെക്രട്ടറിയോടു നേരിട്ടു പരാതി പറഞ്ഞപ്പോൾ രേഖാമൂലം തരാൻ ഞാൻ നിർദേശിച്ചു. ഈ മാസം 13ന് ഹരിദാസന്റെ പരാതി തപാലിൽ ലഭിച്ചു. പഴ്സനൽ സ്റ്റാഫിനോടു വിശദീകരണം തേടി. മനസ്സറിവില്ലെന്നും പേര് മനഃപൂർവം വലിച്ചിഴച്ചതാണെന്നും അയാൾ പറഞ്ഞു. വസ്തുതകളുടെ അടിസ്ഥാനത്തിലായിരുന്നു അഖിലിന്റെ വിശദീകരണം. തുടർന്ന് 20ന് മുഖ്യമന്ത്രിയുടെ ഓഫിസിനെ വിവരം അറിയിക്കുകയും 23ന് പരാതി പൊലീസിനു കൈമാറുകയും ചെയ്തു.
ഗൂഢാലോചനയടക്കം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അഖിൽ മാത്യു ചെയ്യാത്ത കാര്യമാണ് അയാളുടെമേൽ ആരോപിച്ചത്. ഇതിനു പിറകിൽ ആരെല്ലാമാണെന്നുകൂടി കണ്ടുപിടിക്കണം. അഖിൽ മാത്യുവും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പഴ്സനൽ സ്റ്റാഫിനെ മാറ്റിനിർത്തിയിട്ടില്ല. പാർട്ടിയിലുള്ള ആരും ഇക്കാര്യത്തിൽ ഇടപെട്ടിട്ടില്ല. കുറ്റക്കാരെയും ഗൂഢാലോചനക്കാരെയും പുറത്തു കൊണ്ടുവരും’’ – വീണ പറഞ്ഞു.
English Summary: 1.75 lakh rupees bribe for work; complaint against minister Veena George's staff member