‘സർക്കാരിന്റെ മുഖം വികൃതം’: സർവത്ര അഴിമതിയെന്നും നിയന്ത്രണം മാഫിയകൾക്കെന്നും സിപിഐ
Mail This Article
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടേതടക്കം സർക്കാരിന്റെ മുഖം വികൃതമായെന്നും സർവത്ര അഴിമതി നിറഞ്ഞ ഭരണം നിയന്ത്രിക്കുന്നതു ഭൂമി, ക്വാറി മാഫിയകളും കോർപറേറ്റുകളുമാണെന്നും സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ അംഗങ്ങൾ തുറന്നടിച്ചു. ‘ ഈ മുഖവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്നു മണ്ഡലങ്ങളിൽ ജനസദസ്സ് സംഘടിപ്പിച്ചിട്ടു പ്രയോജനവുമില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടേണ്ടിവരും. 3 ദിവസമായി നടന്ന നിർവാഹക സമിതി, സംസ്ഥാന കൗൺസിൽ യോഗങ്ങളിൽ സിപിഐ നേതൃത്വത്തിനെതിരെയും കടുത്ത വിമർശനമുയർന്നു. പാർട്ടിനേതൃത്വം തിരുത്തൽ ശക്തിയാകാതെ മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും തെറ്റായ നിലപാടുകൾക്ക് അടിമപ്പെടുകയാണ്.നേതൃത്വം ഒക്കത്തും തോളിലുമിരുത്തി പാർട്ടി മന്ത്രിമാരെ വഷളാക്കി – അംഗങ്ങൾ വിമർശിച്ചു.
യോഗങ്ങളിൽ ഉയർന്ന ആരോപണങ്ങൾ:
∙ വൻ അകമ്പടിയോടെ സഞ്ചരിക്കുന്നതടക്കമുള്ള മുഖ്യമന്ത്രിയുടെ രീതികൾ ജനങ്ങളിൽ അവമതിപ്പുണ്ടാക്കുന്നു.
∙ കമ്യൂണിസ്റ്റ് ഭരണാധികാരിക്കുവേണ്ട ലാളിത്യം മുഖ്യമന്ത്രി കാട്ടുന്നില്ല.
∙ കരിമണൽ കമ്പനിയുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയർന്ന ആരോപണത്തിൽ അദ്ദേഹത്തിന്റെ വിശദീകരണം തൃപ്തികരമല്ല.
∙ മണ്ഡലങ്ങളിൽ ജനസദസ്സ് നടത്തുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തുന്നതെന്തിന്? മുന്നണിയെ ഭരണത്തിലേറ്റിയതു സാധാരണക്കാരാണ്. അവരെയാണു പരിഗണിക്കേണ്ടത്.
∙ നെല്ലു സംഭരിച്ചതിന്റെ പണം പോലും കർഷകർക്കു നൽകാതെ ജനസദസ്സ് നടത്തിയിട്ടെന്തു കാര്യം?
∙ രണ്ടര വർഷമായി ജനക്ഷേമപ്രവർത്തനമൊന്നും നടക്കുന്നില്ല.
∙ സഹകരണബാങ്കുകളിലെ തട്ടിപ്പുകൾ സർക്കാരിനെയും മുന്നണിയെയും കാര്യമായി ബാധിക്കും. ഏതു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും സഹകരണബാങ്ക് ഭരണസമിതിയിലേക്ക് ഇടതുമുന്നണി ജയിക്കുമായിരുന്നു. ആ വിശ്വാസ്യത നഷ്ടമാവുകയാണ്.
തള്ളിപ്പറഞ്ഞില്ല, മറുപടിയുമില്ല
അധികാരത്തിലിരിക്കുന്ന സർക്കാരുകൾക്കെതിരെ വിമർശനം ഉയരുന്നത് സ്വാഭാവികമെന്നു സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിലെ രൂക്ഷവിമർശനങ്ങൾക്കു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മറുപടി നൽകി. വിമർശനങ്ങളെ അദ്ദേഹം തള്ളിയില്ല; മറുപടിയും പറഞ്ഞില്ല.
‘ഇന്ന് വാഴ്ത്തിപ്പാടുന്ന പഴയ സർക്കാരുകൾക്കെതിരെയും അന്നു വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. സാമ്പത്തികപ്രതിസന്ധിയും അനുബന്ധമായ പരിമിതികളും ഈ സർക്കാർ നേരിടുന്നുണ്ട്. പ്രതിപക്ഷം സർക്കാരിനെതിരെ നിൽക്കുമ്പോൾ സിപിഐക്ക് അതിനൊപ്പം ചേരാനാകില്ല. മുഖ്യമന്ത്രിയുടെ അകമ്പടി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സിപിഐക്ക് ഉപദേശിക്കാനുമാവില്ല. ബന്ധപ്പെട്ടവർ സ്വയം മനസ്സിലാക്കേണ്ട കാര്യമാണത്’ – കാനം പറഞ്ഞു.
English Summary: CPI State council criticizes chief minister Pinarayi Vijayan and kerala government