പുൽപള്ളി വായ്പത്തട്ടിപ്പ്; സജീവൻ കൊല്ലപ്പള്ളിൽ അറസ്റ്റിൽ
Mail This Article
കൽപറ്റ ∙ പുൽപള്ളി സഹകരണ ബാങ്ക് വായ്പത്തട്ടിപ്പു കേസിൽ സേവാദൾ ജില്ലാ മുൻ വൈസ് ചെയർമാൻ സജീവൻ കൊല്ലപ്പള്ളിലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. വായ്പത്തട്ടിപ്പിന് ഇടനിലക്കാരനായി നിന്നു സജീവൻ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. സജീവനെ 3 ദിവസത്തേക്ക് കോടതി ഇഡി കസ്റ്റഡിയിൽ വിട്ടു.
ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും അടക്കം 10 പേരെ പ്രതികളാക്കി വിജിലൻസ് കേസെടുത്തിട്ടുണ്ട്. കോൺഗ്രസ് നേതാവും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായ കെ.കെ.ഏബ്രഹാമാണ് ഒന്നാം പ്രതി. വായ്പത്തട്ടിപ്പിലെ പ്രധാന സൂത്രധാരന്മാരിൽ ഒരാളാണ് കെ.കെ.ഏബ്രഹാമിന്റെ അടുപ്പക്കാരനായ സജീവൻ. വിവിധ ആളുകളുടെ പേരിലെടുത്ത 1.64 കോടി രൂപ നേരിട്ട് സജീവന്റെ അക്കൗണ്ടിലേക്കു പോയതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കാലത്ത് നടന്ന വായ്പത്തട്ടിപ്പിൽ 38 കർഷകരാണ് ഇരകളായത്. ബാങ്കിലും പ്രസിഡന്റ് കെ.കെ.ഏബ്രഹാമിന്റെ വീട്ടിലും ഇഡി നേരത്തേ പരിശോധന നടത്തിയിരുന്നു.
English Summary: Pulpally loan fraud: Sajeevan arrested