ADVERTISEMENT

പത്തനംതിട്ട ∙ ഒളിവിലെന്നു പൊലീസ് പറയുന്ന അഖിൽ സജീവ് ഇപ്പോഴും സൃഹൃത്തുക്കളെ വിളിക്കാറുണ്ട്. നിയമനത്തട്ടിപ്പു വിവാദം മുറുകിയതോടെ ഇയാൾ മുൻകൂർ ജാമ്യത്തിനു ശ്രമിക്കുന്നുണ്ടെന്നും പറയുന്നു. സിപിഎം പ്രാദേശിക നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അഖിൽ, 2022 ൽ സിഐടിയു ജില്ലാ നേതൃത്വം കേസ് കൊടുത്തതോടെയാണ് ഒളിവിൽ പോയത്. ഇടയ്ക്കു സ്വദേശമായ വള്ളിക്കോട്ടു വന്നുപോയിരുന്നതായും പറയുന്നു. ഇടക്കാലത്ത് സുഹൃത്തുമായി ചേർന്നു മീൻകടയും നടത്തിയിരുന്നു. 

ഭാര്യ നൽകിയ വിവാഹമോചന ഹർജിയിൽ 5 നോട്ടിസ് അയച്ചെങ്കിലും കോടതിയിൽ ഹാജരായിട്ടില്ല. വീടിന്റെ വാതിലിൽ ഒട്ടിച്ചിരുന്ന നോട്ടിസുകളിൽ പലതും സുഹൃത്തുക്കൾ കീറിക്കളഞ്ഞു. അഖിൽ പലർക്കും ലക്ഷങ്ങൾ കൊടുക്കാനുണ്ടെന്നും പലരിൽനിന്നായി 3 ലക്ഷം മുതൽ 5 ലക്ഷം വരെ രൂപ വാങ്ങിയിട്ടുണ്ടെന്നും ആരോപണമുണ്ട്. 3 ലക്ഷം രൂപ കിട്ടാനുണ്ടായിരുന്ന ഒരാൾ വീടിന്റെ പിൻവാതിൽ തകർത്ത് സാധനങ്ങൾ എടുത്തുകൊണ്ടുപോയെന്നും പറയുന്നു. 

അഖിലിനു മലപ്പുറം ജില്ലയിൽ ഒളിവിൽ കഴിയാൻ ചില നേതാക്കളുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണു വിവരം. മുൻപു തന്നെ സംരക്ഷിച്ചിരുന്ന കോഴിക്കോട്ടെ അഭിഭാഷക സംഘവുമായി തെറ്റിയെന്ന സൂചനയുമായി അഖിൽ സജീവിന്റെ വിഡിയോ സന്ദേശവും പുറത്തുവന്നു. തന്റെ ജീവൻ അപകടത്തിലാണെന്നും ഇതിൽ പറയുന്നു. 

കെഎംഎംഎൽ, ബവ്റിജസ്, കെൽട്രോൺ... പട്ടിക നീളുന്നു 

ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ 4 സംഭവങ്ങളിൽ അഖിൽ സജീവിനെതിരെ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയിട്ടും അന്വേഷണമോ അറസ്റ്റോ ഉണ്ടായില്ലെന്ന് അഭിഭാഷകനായ പ്രശാന്ത് വി.കുറുപ്പ് പറ‍ഞ്ഞു. കൊല്ലം കൈതക്കോട് സ്വദേശി സിജു ജോർജിന് കെഎംഎംഎലിൽ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ, വള്ളിക്കോട് സ്വദേശി വിനോദ് കുമാറിന് ബവ്റിജസിൽ സെയിൽസ്മാൻ ജോലി വാഗ്ദാനം ചെയ്ത് ഒരു ലക്ഷം രൂപ, ബന്ധുവിനു കെൽട്രോണിൽ ജോലി വാഗ്ദാനം ചെയ്ത് കോന്നി ഐരവൺ സ്വദേശി അനീഷിൽനിന്ന് ഒരു ലക്ഷം രൂപ, മകൾക്ക് കെൽട്രോണിൽ ജോലി വാഗ്ദാനം ചെയ്ത് പന്തളം സ്വദേശിയായ മുൻ കോളജ് അധ്യാപകനിൽനിന്ന് 30,000 രൂപ എന്നിങ്ങനെ വാങ്ങിയെന്നാണ് പരാതികൾ. സിജുവിന്റെ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം റദ്ദാക്കിയിട്ടും അറസ്റ്റ് ചെയ്തില്ല. അഖിൽ സജീവിനെതിരെ പത്തനംതിട്ട മുൻസിഫ്, സബ് കോടതികളിൽ 4 കേസുകളുണ്ട്. 

English Summary : Akhil Sajeev, who the police say is absconding, still calls his friends

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT