ADVERTISEMENT

കൊല്ലം ∙ ആരോഗ്യവകുപ്പിൽ ഹോമിയോ ഡോക്ടറായി ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിലെ പ്രതി പത്തനംതിട്ട സിഐടിയു മുൻ ഓഫിസ് സെക്രട്ടറി അഖിൽ സജീവിന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘം കെൽട്രോണിൽ ജോലി വാഗ്ദാനം ചെയ്ത് അരക്കോടിയോളം രൂപ തട്ടിയെടുത്തെന്നു കേസ്. കെൽട്രോണിൽ ജോലിക്ക് അപേക്ഷിച്ച വിവരം അഖിൽ സജീവും സംഘവും എങ്ങനെ അറിഞ്ഞുവെന്നതു ദുരൂഹം.

കൊല്ലം സ്വദേശിയായ മുൻ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥന്റെ മകനു കെൽട്രോണിൽ സെയിൽസ് മാനേജരായി ജോലി നൽകാമെന്നു പറഞ്ഞ് അഖിൽ സജീവും സംഘവും 2021 മാർച്ച് മുതൽ ബാങ്ക് അക്കൗണ്ട് വഴി 36 തവണകളായി 48.62 ലക്ഷം രൂപ വാങ്ങിയെന്നാണു കേസ്. രാഷ്ട്രീയ സമ്മർദം മൂലം പ്രതികളെ സംരക്ഷിക്കുന്ന നിലപാടായിരുന്നു പൊലീസിന്റേത്. 

തലസ്ഥാനത്തെ സിഐടിയു നേതാവ് എന്നു പരിചയപ്പെടുത്തിയ വെഞ്ഞാറമൂട് സ്വദേശി ശിവൻ, പത്തനംതിട്ട കൂടൽ നെടുമൺകാവ് വിളയിൽ വീട്ടിൽ ശരത്, പത്തനംതിട്ട വള്ളിക്കോട് വെട്ടത്തേത്ത് വീട്ടിൽ അഖിൽ എന്നിവർക്കെതിരെയാണു കൊല്ലം വെസ്റ്റ് പൊലീസ് ആദ്യം കേസെടുത്തത്. ശിവൻ എന്ന പേരിൽ ഫോണിൽ സംസാരിച്ചതു പത്തനംതിട്ട കുന്നത്തുകര സൗപർണികയിൽ ആരോമൽ ബാനർജിയുടെ നമ്പറിൽ നിന്നാണെന്നു കണ്ട് ഇയാളെ ഒന്നാം പ്രതിയാക്കിയാണു കുറ്റപത്രം സമർപ്പിച്ചത്. ശരത്, അഖിൽ എന്നിവർ യഥാക്രമം രണ്ടും മൂന്നും പ്രതികളാണ്. കെൽട്രോണിലെ എച്ച്ആർ വിഭാഗം ഉദ്യോഗസ്ഥനാണെന്നു പരിചയപ്പെടുത്തിയ ശരത്, പൊതുമേഖലാ ബാങ്കിൽ ഐടി വിഭാഗം കരാർ ജീവനക്കാരനാണെന്നാണു വിവരം. കെൽട്രോണിലെ സിഐടിയു നേതാക്കൾക്ക് പണം നൽകിയാലേ ജോലി ശരിയാകൂ എന്നു വിശ്വസിപ്പിച്ചാണു പണം തട്ടിയത്.  സംശയം തോന്നി പണം തിരികെ ചോദിച്ചു. കിട്ടാതായതോടെയാണു കഴിഞ്ഞ വർഷം മേയിൽ പൊലീസിനെ സമീപിച്ചത്.

ശരത്തും അഖിലും കഴിഞ്ഞ ജനുവരിയിൽ ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം നേടിയെങ്കിലും കോടതി ജാമ്യം റദ്ദാക്കി.  എന്നാൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ മാർച്ചിൽ കുറ്റപത്രം സമർപ്പിച്ച പൊലീസ്, ജാമ്യം റദ്ദാക്കിയ വിവരം മറച്ചു വച്ചു. പ്രതികളെ അറസ്റ്റ് ചെയ്യാമെന്നിരിക്കെ, പൊലീസ് അതിനു തയാറായതുമില്ല.

English Summary : Case against Akhil Sajeev and team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT