ADVERTISEMENT

തിരുവനന്തപുരം ∙ ഹോമിയോ ഡോക്ടർ നിയമനത്തിനു കോഴ വാങ്ങിയെന്ന കേസിൽ പരാതിക്കാരൻ ഹരിദാസൻ കുമ്മോളി മന്ത്രി വീണാ ജോർജിന്റെ പഴ്സനൽ അസിസ്റ്റന്റ് അഖിൽ മാത്യുവിനെ നേരിട്ടു കണ്ടില്ലെന്ന് മൊബൈൽ ടവർ പരിശോധനയെത്തുടർന്ന് പൊലീസിന്റെ നിഗമനം. ഇതു സ്ഥിരീകരിക്കാൻ സെക്രട്ടേറിയറ്റിൽ ഏപ്രിൽ 9, 10 തീയതികളിലെ സിസിടിവി ദൃശ്യങ്ങൾകൂടി പരിശോധിക്കും. പൊതുഭരണ വകുപ്പിനോട് കന്റോൺമെന്റ് പൊലീസ് ഇവ ആവശ്യപ്പെട്ടു. വ്യാജ അഖിൽ മാത്യുവിനെയാണോ ഹരിദാസൻ കണ്ടതെന്ന് ഈ ദൃശ്യങ്ങളിൽനിന്ന് അറിയാമെന്നാണു പ്രതീക്ഷ.

ഏപ്രിൽ 9നു തിരുവനന്തപുരത്ത് എത്തിയെന്ന് ഹരിദാസന്റെ പരാതിയിൽ പറയുന്നു. അന്നു സെക്രട്ടേറിയറ്റിൽ അഖിൽ മാത്യുവിനെ കാണാനായില്ല. പിറ്റേന്നു 2.30ന് സെക്രട്ടേറിയറ്റിൽ അഖിൽ മാത്യുവിനെ കണ്ടെന്നും പുറത്തെ ഓട്ടോസ്റ്റാൻഡിൽ വച്ച് ഒരു ലക്ഷം രൂപ ചോദിച്ചപ്പോൾ കൊടുത്തെന്നുമാണു മൊഴി.

മൊബൈൽ ടവറുകളിൽനിന്നുള്ള ഡേറ്റ അനുസരിച്ച് 9നും 10നും ഹരിദാസൻ തിരുവനന്തപുരത്തായിരുന്നു. 10നു രാത്രി 7.30നാണു നാട്ടിലേക്കു തിരിച്ചത്. എന്നാൽ 10നും 11നും അഖിൽ മാത്യുവിന്റെ ഫോൺ ലൊക്കേഷൻ പത്തനംതിട്ടയായിരുന്നു. 10ന് ഉച്ചയ്ക്കു 3.30നു ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്തശേഷം വീട്ടിൽ തങ്ങിയെന്ന് അഖിൽ മാത്യു പൊലീസിനെ അറിയിച്ചിരുന്നു.

ജോലിക്കായി 25,000 രൂപ കോഴ വാങ്ങിയ അഖിൽ സജീവ് തുടർന്ന് ഹരിദാസനു മുന്നിൽ അവതരിപ്പിച്ചത് വ്യാജ അഖിൽ മാത്യുവിനെയാണോയെന്നാണ് അറിയേണ്ടത്. സെക്രട്ടേറിയറ്റ് അനക്സ് രണ്ടിലെ ഏഴാം നിലയിലാണ് മന്ത്രിയുടെ ഓഫിസ്. അവിടെനിന്നിറങ്ങി ഇരുവരും പുറത്തെത്തുന്നതിന്റെ ദൃശ്യങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്നു പൊലീസ് പറഞ്ഞു.

പൊലീസ് കാണിച്ച ഫോട്ടോയിലെ ആളെയല്ല കണ്ടത്: ഹരിദാസൻ

മലപ്പുറം ∙ അഖിൽ മാത്യുവെന്നു പറഞ്ഞ് സെക്രട്ടേറിയറ്റിൽവച്ച് തന്നെ കണ്ടയാളും ഇന്നലെ പൊലീസ് കാണിച്ച ഫോട്ടോയിലുള്ളയാളും തമ്മിൽ വ്യത്യാസമുണ്ടെന്ന് പരാതിക്കാരൻ ഹരിദാസൻ കുമ്മാളി പറയുന്നു. അഖിൽ സജീവ് ഒരു തവണയാണ് അഖിൽ മാത്യുവിന്റെ ഫോട്ടോ കാണിച്ചത്. അയാളാണെന്ന വിശ്വാസത്തിലാണ് പണം കൈമാറിയത്. നിമിഷങ്ങൾ മാത്രമാണ് അന്ന് അയാളോടൊപ്പമുണ്ടായിരുന്നത്.

പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്നും പണം കൈമാറിയതിന്റെ വിവരങ്ങൾ, അഖിൽ സജീവുമായുള്ള ഫോൺ സംഭാഷണങ്ങൾ, നിയമന ഉത്തരവുമായി ബന്ധപ്പെട്ട ഇമെയിൽ തുടങ്ങി എല്ലാ രേഖകളും തിരുവനന്തപുരം കന്റോൺമെന്റ് പൊലീസിനു കൈമാറിയിട്ടുണ്ടെന്നും ഹരിദാസൻ പറഞ്ഞു. 

അഖിൽ മാത്യു നൽകിയ പരാതിയിലാണ് പൊലീസ് മലപ്പുറത്തെത്തി ഹരിദാസന്റെ മൊഴിയെടുത്തത്. രാവിലെ 9.30ന് ആരംഭിച്ച മൊഴിയെടുപ്പ് വൈകിട്ട് 6.30നാണ് അവസാനിച്ചത്.

English Summary : Police guess complainant saw fake Akhil Mathew in secretariat 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com