സർക്കാരിനെതിരെ വിമോചന സമരത്തിന് കോൺഗ്രസ് തയാർ: കെ.സുധാകരൻ

Mail This Article
തൃശൂർ ∙ കൊള്ളസങ്കേതമായി മാറിയ കേരളത്തിലെ ഇടതു സർക്കാരിനെ അധികാരത്തിൽ നിന്നു താഴെയിറക്കാൻ വിമോചന സമരം ആവശ്യമായി വന്നാൽ അതിനുള്ള യൗവനം കോൺഗ്രസിനുണ്ടെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കേരളത്തിലെ സഹകരണ ബാങ്കുകളിൽ സിപിഎം നടത്തുന്ന സാമ്പത്തിക തട്ടിപ്പുകളിൽ പ്രതിഷേധിച്ചു കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് മുതൽ തൃശൂർ കലക്ടറേറ്റ് വരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സഹകരണ സംരക്ഷണ പദയാത്രയുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരൻ.
മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ കൊള്ളക്കാരാണെന്നും അഴിമതി നിറഞ്ഞ ഭരണമാണു സംസ്ഥാനത്തു നിലനിൽക്കുന്നതെന്നും സാധാരണക്കാരുടെ അത്താണിയായ സഹകരണ ബാങ്കുകളെ സിപിഎം വ്യാപകമായി കൊള്ളയടിക്കുകയാണെന്നും സുധാകരൻ ആരോപിച്ചു. സ്വർണക്കടത്തു മുതൽ മാസപ്പടി വരെയുള്ള സാമ്പത്തിക അഴിമതി–വിവാദങ്ങളെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയെ ലാവ്‌ലിൻ കേസ് മാറ്റിമാറ്റിവച്ചു കേന്ദ്ര സർക്കാർ സഹായിക്കുകയാണ് – സുധാകരൻ പറഞ്ഞു.
English Summary: Congress is ready for a liberation struggle against the government says K Sudhakaran