കെഎസ്ആർടിസിയുടെ ബിൽ കുടിശികയായി; തമ്പാനൂർ ഡിപ്പോയുടെ ഫ്യൂസ് ഊരി കെഎസ്ഇബിയുടെ ഇരുട്ടടി

Mail This Article
തിരുവനന്തപുരം ∙ സമയപരിധി കഴിഞ്ഞിട്ടും 41,000 രൂപയുടെ ബില്ല് അടയ്ക്കാത്തതിനാൽ കെഎസ്ആർടിസി തമ്പാനൂർ ബസ് ടെർമിനലിന്റെ ഫ്യൂസ് കെഎസ്ഇബി ഊരി. അര മണിക്കൂറിനുള്ളിൽ കുടിശിക തുക അടച്ചതിനെത്തുടർന്ന് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചെങ്കിലും റിസർവേഷൻ കൗണ്ടർ ഉൾപ്പെടെ പ്രവർത്തിക്കാതായതോടെ ടെർമിനലിന്റെ പ്രവർത്തനം താളം തെറ്റി. സർവീസുകൾ വൈകിയത് യാത്രക്കാരെയും വലച്ചു.
4 കണക്‌ഷനുകളാണ് കെഎസ്ആർടിസി ടെർമിനലിൽ ഉള്ളത്. മറ്റു 3 ബില്ലുകളും യഥാസമയം ഒടുക്കി. എന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ നോട്ടപ്പിശക് കാരണം സ്റ്റേഷൻ മാസ്റ്റർ ഓഫിസ് ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ ഉൾപ്പെടുന്ന ഒരു ബില്ല് കുടിശികയായി. കണക്‌ഷൻ വിഛേദിക്കാനുള്ള അവസാന തീയതി ഇന്നലെയായിരുന്നു. ഉച്ചയ്ക്ക് 12.20 ന് കെഎസ്ഇബി പുത്തൻചന്ത സെക്‌ഷനിൽ നിന്ന് ഉദ്യോഗസ്ഥരെത്തി കണക്‌ഷൻ വിഛേദിച്ചു. എടിഒ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ അപ്പോഴാണ് വിവരം അറിയുന്നത്. ഉടൻ പണം അടച്ചതിനാൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. റിസർവേഷൻ കൗണ്ടർ പ്രവർത്തിക്കാതായതോടെ ദീർഘദൂര സർവീസുകൾ താളം തെറ്റി. റിസർവേഷൻ ചാർട്ട് മറ്റു ഡിപ്പോകളിൽ തയാറാക്കിയെങ്കിലും സർവീസ് സാധാരണ നിലയിലാകാൻ സമയമെടുത്തു. ഇതുവരെ കുടിശിക വരുത്തിയിട്ടില്ലെന്നും കണക്‌ഷൻ വിഛേദിക്കുന്ന വിവരം സംബന്ധിച്ച് അറിയിപ്പ് നൽകിയില്ലെന്നും എടിഒ അറിയിച്ചു.
English Summary : KSEB disconnected electricity to KSRTC Thampanoor bus terminal