ADVERTISEMENT

തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിലെ സിസിടിവി പരിശോധനയിൽ ആരോഗ്യ മന്ത്രിയുടെ പഴ്സനൽ അസിസ്റ്റന്റ് കോഴ വാങ്ങുന്ന ദൃശ്യങ്ങളില്ലെന്നു പൊലീസ്. ഏപ്രിൽ 11ന് പരാതിക്കാരനായ ഹരിദാസനും, സുഹൃത്തും നാട്ടുകാരനുമായ ബാസിത്തും മന്ത്രിയുടെ ഓഫിസ് പ്രവർത്തിക്കുന്ന സെക്രട്ടേറിയറ്റ് അനെക്സ്–2 ന് മുന്നിൽ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഓട്ടോയിൽ വന്നിറങ്ങുന്നതാണ് ദൃശ്യങ്ങളിൽ. തുടർന്ന് ഫോണിൽ ആരോടോ സംസാരിച്ചു. ബാസിത്തിന്റെ വേഷം മുണ്ടും ഷർട്ടുമാണ്. ഹരിദാസൻ പാന്റ്സും ഷർട്ടുമാണ് ധരിച്ചിരുന്നത്.

അൽപനേരം കഴിഞ്ഞ് ഇവർ സെക്യൂരിറ്റി പോസ്റ്റിനു സമീപത്തെ മരത്തിന്റെ തണലിൽ ഒതുങ്ങി നിന്നു. 2.50ന് പോയി. ആരെങ്കിലും എത്തി പണം കൈപ്പറ്റുന്ന ദൃശ്യങ്ങളില്ല. സമീപത്തുള്ള ഓട്ടോ സ്റ്റാൻഡിൽ വച്ച് അഖിൽ മാത്യുവിനു പണം കൈമാറിയെന്നായിരുന്നു ഹരിദാസന്റെ മൊഴി . അതിനാൽ പരിസരത്തെ മറ്റു ക്യാമറ ദൃശ്യങ്ങൾ കൂടി പൊലീസ് പരിശോധിക്കും. 

ഏപ്രിൽ 9, 10, 11 തീയതികളിലെ ക്യാമറദൃശ്യങ്ങളാണു പൊതുഭരണ വകുപ്പിനോടു പൊലീസ് ആവശ്യപ്പെട്ടിരുന്നത്. 500 രൂപയുടെ നോട്ടുകൾ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് അഖിൽ മാത്യുവിനു കൈമാറിയെന്നായിരുന്നു ഹരിദാസന്റെ മൊഴി. സംഭവ ദിവസം അഖിൽ മാത്യു പത്തനംതിട്ടയിൽ ആയിരുന്നതിന്റെ തെളിവുകൾ പുറത്തുവന്നതോടെ പണം അഖിൽ മാത്യുവെന്ന പേരിൽ മറ്റാരെങ്കിലും കൈപ്പറ്റിയിട്ടുണ്ടോ എന്നായിരുന്നു പൊലീസിന്റെയും സംശയം. എന്നാൽ, ഇതു തെളിയിക്കുന്ന ദൃശ്യങ്ങളും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.

അഖിൽ മാത്യുവിനെ ഹരിദാസൻ കണ്ടിട്ടില്ലെന്നാണ് ഫോൺ പരിശോധിച്ചപ്പോഴും പൊലീസിനു മനസ്സിലായത്. സെക്രട്ടേറിയറ്റിൽ വച്ചു പണം കൈമാറുമ്പോൾ ബാസിത് ഒപ്പമുണ്ടായിരുന്നെന്നു നേരത്തെ ഹരിദാസൻ വ്യക്തമാക്കിയിരുന്നില്ല. എന്നാൽ, ദൃശ്യങ്ങളിൽ ബാസിത്തുമുണ്ട്. പണം വാങ്ങിയെന്നു ഹരിദാസന്റെ പരാതിയിൽ പറയുന്ന അഖിൽ സജീവിനെ കേസിൽ പ്രതിചേർക്കും. ഇയാൾ ഒളിവിലാണെന്നാണു പൊലീസ് പറയുന്നത്. അഖിൽ സജീവുമായി ബന്ധമുള്ള കോഴിക്കോട് സ്വദേശി ലെനിനോട് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.

അഖിൽ മാത്യുവിന്റെ പരാതിയിൽ മൊഴിയെടുക്കാനെത്തിയ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മലപ്പുറത്ത് തുടരുകയാണ്. ഇന്നലെ ബാസിത്തിന്റെ മൊഴിയെടുക്കുന്നതായി അഭ്യൂഹമുണ്ടായെങ്കിലും സ്ഥിരീകരണമില്ല. ആദ്യ 2 ദിവസങ്ങളിലും ഹരിദാസന്റെ വീട്ടിൽതന്നെ ഉണ്ടായിരുന്ന ബാസിത്ത് പൊലീസ് മൊഴിയെടുക്കാനെത്തിയപ്പോൾ മാറി. ഇയാൾ താമസിച്ച മലപ്പുറത്തെ ഹോട്ടലിൽ ചെന്നപ്പോൾ മിനിറ്റുകൾക്കു മുൻപ് ഹോട്ടൽ വിട്ടെന്ന വിവരമാണു മാധ്യമപ്രവർത്തകർക്കു ലഭിച്ചത്. ഫോണിലും കിട്ടിയില്ല.

English Summary: Allegation of bribery in Health Minister's office: Police says there is no evidence in CCTV inspection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT