ഡിഎ കുടിശിക കാരണം പങ്കാളിത്ത പെൻഷൻകാർക്ക് വൻനഷ്ടം
Mail This Article
തിരുവനന്തപുരം ∙ സർക്കാർ ക്ഷാമബത്ത കുടിശിക നൽകാത്തതിനാൽ ജീവനക്കാർക്കു പങ്കാളിത്ത പെൻഷൻ പദ്ധതിയിലും വൻനഷ്ടം. അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും 10% ആണ് ജീവനക്കാരുടെ വിഹിതമായി പങ്കാളിത്ത പെൻഷൻ ഫണ്ടിലേക്കു പോകുന്നത്. സർക്കാർ വിഹിതവും 10% തന്നെ. എന്നാൽ, ജീവനക്കാർക്ക് 18% ആണ് ഇപ്പോൾ ക്ഷാമബത്ത കുടിശിക. കിട്ടുന്നതാകട്ടെ 7% മാത്രം. ഇൗ കുടിശിക കാരണം പ്രതിമാസം പെൻഷൻ ഫണ്ടിലേക്ക് പോകേണ്ട നല്ലൊരു വിഹിതം ജീവനക്കാർക്കു നഷ്ടമാകുകയാണ്. ഇൗ കുടിശിക പിന്നീട് അനുവദിച്ചാലും പെൻഷൻ ഫണ്ടിലെ നഷ്ടം നഷ്ടം തന്നെ. കേന്ദ്ര സർക്കാരും മറ്റു സംസ്ഥാനങ്ങളും സർക്കാർ വിഹിതം 14% ആക്കി വർധിപ്പിച്ചെങ്കിലും കേരളം അതും ചെയ്തില്ല. ഇതുവഴിയുള്ള നഷ്ടവും വേറെ.
ഡിസിആർജി (ഡെത് കം റിട്ടയർമെന്റ് ഗ്രാറ്റുവിറ്റി 14 ലക്ഷമാക്കി പല സംസ്ഥാനങ്ങളും കൂട്ടിയെങ്കിലും കേരളം അക്കാര്യത്തിലും ഇതുവരെ തീരുമാനം എടുത്തിട്ടില്ല. പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുന്നതിനു നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് പരിഗണനയിൽ ഉള്ളതു കണക്കിലെടുത്താണ് എല്ലാ തീരുമാനങ്ങളും മാറ്റിവച്ചിരിക്കുന്നതെന്നാണു സർക്കാർ വിശദീകരണം. എന്നാൽ 2 വർഷമായി ഇൗ റിപ്പോർട്ട് സർക്കാർ തൊട്ടിട്ടില്ല.
2013 ഏപ്രിൽ 1 മുതലാണ് കേരളത്തിൽ പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കിയത്. ജീവനക്കാരുടെ നിയമനത്തീയതി ഇൗ ദിവസത്തിനു മുൻപാണെങ്കിൽ മാത്രമേ പഴയ പെൻഷൻ പദ്ധതിക്ക് അർഹതയുള്ളൂ. എന്നാൽ, സുപ്രീംകോടതി ഉത്തരവനുസരിച്ച് ഒഴിവ് വിജ്ഞാപനം ചെയ്ത ദിവസം മുതൽ പഴയ പെൻഷൻ പദ്ധതിക്ക് ജീവനക്കാർ അർഹരാണ്. ഇൗ ഉത്തരവു കണക്കിലെടുത്ത് തങ്ങളെ പഴയ പെൻഷൻ പദ്ധതിയിലേക്കു മാറാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ഞൂറോളം പേർ കേരളത്തിൽ കോടതിയെ സമീപിച്ചിട്ടുണ്ട്. പുനഃപരിശോധനാ സമിതിയുടെ റിപ്പോർട്ട് പരിഗണനയിലാണെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ഇവർക്കും അവസരം നിഷേധിക്കുന്നത്.
English Summary: DA arrears and contributory pension