മാതാപിതാക്കൾ രണ്ടുതട്ടിൽ; കുട്ടിക്ക് ഹൈക്കോടതി പേരിട്ടു

Mail This Article
കൊച്ചി ∙ വേർപിരിഞ്ഞു കഴിയുന്ന ദമ്പതികൾ മകളുടെ പേരിനെ ചൊല്ലി കലഹിച്ചപ്പോൾ ഹൈക്കോടതി തന്നെ പേരിട്ടു. പേരില്ലാത്തത് കുഞ്ഞിന്റെ ക്ഷേമത്തിനു നല്ലതല്ലെന്നു വിശദീകരിച്ചാണു കോടതി സവിശേഷ അധികാരം ഉപയോഗിച്ചത്.
പ്രായപൂർത്തിയാകാത്ത കുട്ടികളുടെ രക്ഷിതാവാണെന്നത് ഉൾപ്പെടെയുള്ള ‘പേരൻസ് പാട്രിയ’ എന്ന നിയമാധികാരം പ്രയോഗിച്ചാണു മാതാവിന്റെ ഹർജിയിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്. പേരന്റ്സ് പാട്രിയ അധികാരം ഉപയോഗിക്കുമ്പോൾ മാതാപിതാക്കളുടെയല്ല, കുട്ടിയുടെ അവകാശത്തിനാണു പരമ പ്രാധാന്യം നൽകേണ്ടതെന്നു കോടതി പറഞ്ഞു.
കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിൽ പേരു നൽകിയിരുന്നില്ല. പേരില്ലാത്ത ജനന സർട്ടിഫിക്കറ്റ് സ്കൂൾ സ്വീകരിച്ചില്ല. അമ്മയോടൊപ്പമാണു 4 വയസ്സുള്ള കുട്ടി. പേരു നിശ്ചയിച്ച് അമ്മ റജിസ്റ്റർ ചെയ്യാൻ ശ്രമിച്ചെങ്കിലും മാതാപിതാക്കൾ ഇരുവരും ഹാജരാകണമെന്നു റജിസ്ട്രാർ നിഷ്കർഷിച്ചു. എന്നാൽ, മറ്റൊരു പേരു നൽകണമെന്നു പിതാവ് ആവശ്യപ്പെട്ടതോടെ തർക്കമായി. ഭാര്യ കുടുംബക്കോടതിയെ സമീപിച്ചെങ്കിലും റജിസ്ട്രേഷനു നടപടിയുണ്ടായില്ല. തുടർന്നാണു ഹൈക്കോടതിയെ സമീപിച്ചത്.
കുട്ടിക്കു പേരു വേണമെന്നതു തർക്കമില്ലാത്ത കാര്യമാണെന്നും ഇക്കാര്യത്തിൽ ദമ്പതികൾക്കും തർക്കമില്ലെന്നു കോടതി പറഞ്ഞു. തർക്കം തീർക്കാൻ കുട്ടിക്ക് മാതാവു നൽകിയ പേരിനൊപ്പം പിതാവിന്റെ പേരും ചേർക്കാൻ കോടതി നിർദേശം നൽകി. കുട്ടി ഇപ്പോൾ മാതാവിനൊപ്പം കഴിയുന്നതിനാൽ അവർക്ക് ഇഷ്ടപ്പെട്ട പേരിനു മുൻഗണന നൽകാവുന്നതാണെന്നു കോടതി പരിഗണിച്ചു.
ഈ പേരിൽ ഹർജിക്കാരിക്ക് പുതിയ അപേക്ഷ നൽകാം. മാതാപിതാക്കൾ 2 പേരുടെയും അനുമതി നിഷ്കർഷിക്കാതെ പേര് റജിസ്റ്റർ ചെയ്യാൻ റജിസ്ട്രാർക്കും കോടതി നിർദേശം നൽകി. (സ്വകാര്യത മാനിച്ച് കുട്ടിയുടെ പേരു പരാമർശിച്ചിട്ടില്ല)
പേര് റജിസ്റ്റർ ചെയ്യാൻ മാതാപിതാക്കളിൽ ഒരാൾ മതി
ജനന മരണ റജിസ്ട്രേഷൻ വ്യവസ്ഥകളിൽ ‘പേരന്റ്’ എന്നാൽ, മാതാവോ പിതാവോ മാത്രമാണെന്നും ചില അപൂർവ സന്ദർഭങ്ങളിൽ മാത്രമാണ് ഇരുവരും ഒന്നിച്ച് എന്ന രീതിയിൽ പരാമർശിക്കുന്നതെന്നും കോടതി പറഞ്ഞു. അതിനാൽ, മാതാപിതാക്കളിൽ ഒരാൾക്കു കുട്ടിയുടെ പേര് റജിസ്റ്റർ ചെയ്യാനാവും. തിരുത്തണമെങ്കിൽ മറ്റെയാൾക്കു നിയമ നടപടി സ്വീകരിക്കാം.
കുട്ടിയുടെ കസ്റ്റഡി അവകാശമുള്ള രക്ഷിതാവിന് പേര് തിരുത്താമെന്ന 2016 ലെ സർക്കുലർ ഹൈക്കോടതി റദ്ദാക്കി. സംസ്ഥാന സർക്കാരിന് ഇത്തരമൊരു സർക്കുലർ ഇറക്കാൻ അധികാരമില്ലെന്നു വ്യക്തമാക്കിയാണിത്.
English Summary: Differences between parents regarding daugher name; child was named by High Court