ADVERTISEMENT

തിരുവനന്തപുരം /ബെംഗളൂരു ∙ ബിജെപി പാളയത്തിലേക്കില്ലെന്ന ജനതാദൾ (എസ്) സംസ്ഥാന ഘടകത്തിന്റെ നിലപാട് നേരിട്ടറിയിക്കാൻ സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസും മന്ത്രി കെ.കൃഷ്ണൻകുട്ടിയും ഇന്നു ബെംഗളൂരുവിൽ ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡയെ കാണും. ബിജെപി സഖ്യതീരുമാനം ഗൗഡ പ്രഖ്യാപിച്ചപ്പോൾ തന്നെ ആ ചങ്ങാത്തത്തിനില്ലെന്നു സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരുന്നു. അതേസമയം, കർണാടകയിൽ ജനതാദൾ (എസ്) പിളർപ്പിലേക്ക് നീങ്ങുകയാണ്.

ഗൗഡയുമായി ബന്ധം വിഛേദിക്കുന്നത് വൈകുന്നതിൽ സിപിഎമ്മിന് അതൃപ്തിയുണ്ട്. ബിജെപിയുടെ സഖ്യകക്ഷി കേരളത്തിലെ എൽഡിഎഫിലാണെന്ന പ്രചാരണം യുഡിഎഫ് അഴിച്ചുവിടുന്നതാണ് പാർട്ടി ചൂണ്ടിക്കാട്ടുന്നത്. 

സിപിഎം അതൃപ്തി അറിയിച്ചെന്ന പ്രചാരണം മാത്യു ടി.തോമസ് നിഷേധിച്ചു. അന്ത്യശാസനം നൽകാൻ ഇതു പട്ടാളമല്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടി പ്രതികരിച്ചു. ശാസനയൊന്നും ലഭിച്ചിട്ടില്ലെന്നും എത്രയും വേഗം തീരുമാനം ഉണ്ടാകണമെന്ന സിപിഎമ്മിന്റെ അഭിപ്രായമാണ് തങ്ങൾക്കുമെന്നും ദേശീയ സെക്രട്ടറി ജോസ് തെറ്റയിൽ പറഞ്ഞു.

ദേശീയ നേതൃത്വം കേരള ഘടകം ഏറ്റെടുത്തോളൂവെന്ന് കഴിഞ്ഞ ദിവസം ഗൗഡ പ്രതികരിച്ചിരുന്നു. കർണാടകയിൽ പാർട്ടിയുടെ നില ഭദ്രമാക്കാനുള്ള തീരുമാനമാണ് എടുത്തതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ജനതാദളിന്റെ ബ്രാക്കറ്റിലുള്ള ‘എസി’ന്റെ പൂർണരൂപം ‘സെക്കുലർ’ എന്നാണ്. ആ പേരു വച്ചുകൊണ്ടാണോ ബിജെപി സഖ്യത്തിൽ ചേരുന്നതെന്ന പരിഹാസം കേരളത്തിലെ നേതാക്കൾ ഉയർത്തുന്നു. മതനിരപേക്ഷ നിലപാടാണ് എടുക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ നേതൃത്വം കേരള ഘടകത്തെ ഏൽപ്പിക്കുകയാണു വേണ്ടതെന്നാണ് അവരുടെ അഭിപ്രായം.

ഗൗഡയുമായുളള ചർച്ചയിൽ ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വരുത്തിയ ശേഷം എന്തു വേണം എന്ന് 7ന് തീരുമാനമെടുക്കാമെന്ന ധാരണയിലാണ് നേതൃത്വം. സോഷ്യലിസ്റ്റുകളെല്ലാം ഒരുമിച്ചു പ്രവർത്തിക്കണമെന്ന ആശയവുമായി സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) പ്രസിഡന്റ് കായിക്കര ബാബുവും തമ്പാൻ തോമസും ജനതാദൾ (എസ്) സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തി. രാഷ്ട്രീയ ജനതാദളുമായി (ആർജെഡി) ലയിക്കാൻ ഒരുങ്ങുന്ന എൽജെഡിയും പൊതുവായ യോജിപ്പിനു സന്നദ്ധമാണെങ്കിലും ദൾ– എൽജെഡി നേതാക്കൾക്കിടയിലെ ഭിന്നിപ്പ് തടസ്സമാണ്.

എൻഡിഎയുടെ ഭാഗമാകാനുള്ള തീരുമാനം അംഗീകരിക്കില്ലെന്നാണ് കർണാടക സംസ്ഥാന പ്രസിഡന്റ് സി.എം.ഇബ്രാഹിം പ്രഖ്യാപിച്ചിട്ടുള്ളത്. 16ന് അനുയായികളുടെ യോഗം വിളിച്ചു ചേർത്ത് ഭാവിപരിപാടികൾ തീരുമാനിക്കാൻ ഇബ്രാഹിം തയാറെടുക്കുകയാണ്. സംസ്ഥാന പ്രസിഡന്റുമായി ആലോചിക്കാതെയാണ് ബിജെപിയുമായി കൈകോർത്തതെന്നും ദളിൽ നിന്നു രാജിവയ്ക്കില്ലെന്നും ഇബ്രാഹിം പറയുന്നു.

സംസ്ഥാന വൈസ് പ്രസിഡന്റ് സയദ് സൈഫുല്ല, ന്യൂനപക്ഷ വിഭാഗം തലവൻ നാസിർ ഹുസൈൻ എന്നിവർ ഉൾപ്പെടെ ഒട്ടേറെ മുസ്‌ലിം നേതാക്കൾ ബിജെപി ബന്ധത്തെ എതിർത്ത് പാർട്ടി വിട്ടിരുന്നു. നിയമസഭാ കക്ഷി ഉപനേതാവ് ശാരദ പുരനായിക്, എംഎൽഎമാരായ കരെയമ്മ നായക്, ശരണഗൗഡ പാട്ടീൽ കണ്ടക്കൂർ, ന്യാമരാജ നായിക് എന്നിവരും സഖ്യത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

കേരളത്തിലെ ദൾ ഇതളുകൾ 

ജനതാദൾ (എസ്) 

ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡ കർണാടകയിൽ ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ചു. കേരളത്തിൽ ഇടതുമുന്നണിയിലെ ഘടകകക്ഷിയായ ദൾ ഇവിടെ വെട്ടിൽ. മാത്യു ടി.തോമസാണ് സംസ്ഥാന പ്രസിഡന്റ് 

ലോക്താന്ത്രിക് ജനതാദൾ (എൽജെഡി) 

നേരത്തേ ജനതാദളിന്റെ (എസ്) ഭാഗമായിരുന്നവർ പിന്നീട് ശരദ് യാദവിന്റെ എൽജെഡിയിൽ ചേർന്നു. ഇപ്പോൾ ലാലു പ്രസാദ് യാദവ് സ്ഥാപിച്ച രാഷ്ട്രീയ ജനതാദളിൽ (ആർജെഡി) ലയിക്കാൻ തീരുമാനിച്ചു. ലയനസമ്മേളനം ഒക്ടോബർ 12ന് കോഴിക്കോട്. എൽഡിഎഫിലെ രണ്ടാമത്തെ ദളായി എൽജെഡി തുടരുന്നു. എം.വി.ശ്രേയാംസ്കുമാറാണ് സംസ്ഥാന പ്രസിഡന്റ്. 

രാഷ്ട്രീയ ജനതാദൾ (ആർജെഡി)

എൽഡിഎഫിൽ ഉള്ള എൽജെഡി, ആർജെഡിയിൽ ലയിക്കാൻ ഒരുങ്ങുകയാണ്. അതേസമയം, ആർജെഡി കേരള ഘടകം യുഡിഎഫിന്റെ ഭാഗമാണ്. നേരത്തേ എം.പി.വീരേന്ദ്രകുമാറുമായി കലഹിച്ച് ജനതാദൾ വിട്ട ജോൺ ജോണിന്റെ നേതൃത്വത്തിലുള്ള പാർട്ടി ഏപ്രിൽ 28നാണ് ആർജെഡിയിൽ ലയിച്ചത്.

English Summary : Kerala Janata dal (S) meet HD Deva Gowda 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT