ADVERTISEMENT

തിരുവനന്തപുരം∙ സഹകരണ മേഖലയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ രാഷ്ട്രീയലക്ഷ്യത്തോടെ നടത്തുന്ന ഇടപെടലുകൾക്കെതിരെ യുഡിഎഫ് സഹകരണ കൺവൻഷൻ സംഘടിപ്പിക്കും. കൊച്ചിയിലാകും കൺവൻഷൻ. ഇതുൾപ്പെടെയുള്ള പ്രതിഷേധ, സമരപരിപാടികളുടെ ആലോചനയ്ക്കായി യുഡിഎഫിലെ സഹകാരി നേതാക്കളുടെ യോഗം വിളിച്ചു. നാലിനു തിരുവനന്തപുരത്താണു യോഗം. പ്രതിപക്ഷ നേതാവും യുഡിഎഫ് കൺവീനറും പങ്കെടുക്കുന്ന യോഗത്തിൽ ഓരോ ഘടകകക്ഷിയുടെയും സഹകരണ മേഖലയിൽനിന്നുള്ള രണ്ടുവീതം പ്രതിനിധികൾ പങ്കെടുക്കും. കരുവന്നൂർ സഹകരണ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട തുടർസമരപരിപാടികളും തീരുമാനിക്കും.

കേന്ദ്രത്തിന്റെ മൾട്ടി സ്റ്റേറ്റ് കോ–ഓപ്പറേറ്റീവ് അമൻഡ്മെന്റ് നിയമം, പ്രാഥമിക സഹകരണ സംഘങ്ങൾക്കായി കൊണ്ടുവന്ന മാതൃകാ ബൈലോ എന്നിവയാണു കേന്ദ്രത്തിനെതിരെയുള്ള പ്രധാന ചർച്ചാവിഷയമാവുക. രണ്ടിലും സംസ്ഥാന സർക്കാർ കാര്യമായി ഇടപെടുന്നില്ലെന്ന വിമർശനം യുഡിഎഫിനുണ്ട്.  സഹകരണ മേഖലയിൽ കേന്ദ്ര ഏജൻസികൾ കൈകടത്തുന്നതിനെ യുഡിഎഫ് എതിർക്കുന്നുണ്ടെങ്കിലും, കരുവന്നൂരിൽ സംസ്ഥാന സർക്കാർ സുതാര്യമായി അന്വേഷണം നടത്തിയിരുന്നെങ്കിൽ ഇ.ഡി വരില്ലായിരുന്നില്ലല്ലോ എന്ന വികാരമാണുള്ളത്. 

സഹകരണ മേഖലയെ കേന്ദ്ര ഏജൻസി രാഷ്ട്രീയോദ്ദേശ്യത്തോടെ സമീപിക്കുന്നുവെന്നു പരാതിപ്പെടുന്ന സിപിഎം, അതേ ഉദ്ദേശ്യത്തോടെ തങ്ങൾ ഭരിക്കുന്ന ബാങ്കുകൾക്കെതിരെയും നടപടിയെടുക്കുന്നുവെന്ന പരാതി യുഡിഎഫിനുണ്ട്. കൂടുതൽ ക്രമക്കേട് നടന്നതു യുഡിഎഫിന്റെ ബാങ്കുകളിലാണെന്നു വരുത്താൻ ഒരു പട്ടിക പുറത്തുവിട്ടത് ആസൂത്രിതമായാണെന്ന് അവർ കരുതുന്നു. ഇതൊന്നും പണാപഹരണം കണ്ടെത്തിയ ബാങ്കുകളല്ല, സാങ്കേതികമായ ക്രമക്കേടുകളാണെന്നാണു യുഡിഎഫിന്റെ വാദം. തങ്ങളുടെ ബാങ്കുകളിലും പ്രശ്നങ്ങളുണ്ടെന്നു സ്ഥാപിക്കാൻ വിജിലൻസിനെ വ്യാപകമായി ഉപയോഗിക്കുന്നതായും യുഡിഎഫിനു പരാതിയുണ്ട്. ഈ വിഷയങ്ങളെല്ലാം സഹകാരികളുടെ യോഗം ചർച്ച ചെയ്യും.

കേന്ദ്ര ഏജൻസികൾ കയറിയിറങ്ങുന്നത് സഹകരണ മേഖലയെ തളർത്തും: കുഞ്ഞാലിക്കുട്ടി

കണ്ണൂർ ∙ കേന്ദ്ര ഏജൻസികൾ വ്യാപകമായി കയറിയിറങ്ങുന്നത് സഹകരണ മേഖലയെ തളർത്തുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. സഹകരണ മേഖലയെ തകർക്കുന്ന സമീപനമാണ് സർ‌ക്കാരിന്റേത്. പണം നിക്ഷേപിച്ചവർ  കരഞ്ഞു നടക്കുന്നു. അവർക്കു നഷ്ടപ്പെട്ട പണം തിരിച്ചു കൊടുക്കണം. നിക്ഷേപിക്കുന്ന പണത്തിന് സർക്കാർ ഗാരന്റി നൽകണം. കരുവന്നൂരിൽ നിക്ഷേപകരുടെ പണം തിരിച്ചുനൽകാൻ നടപടി വേണം. നിലവിലെ വിഷയങ്ങൾ സംസ്ഥാന സർക്കാർ ഗൗരവത്തോടെ കാണണം. ആരോഗ്യമന്ത്രിയുടെ സ്റ്റാഫിനെതിരായ ആരോപണത്തിൽ സംശയനിവൃത്തി വരാതെ ചാടിക്കയറി അഭിപ്രായം പറയുന്നില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാമതൊരു സീറ്റ് കൂടി ചോദിക്കാൻ മുസ്‌ലിം ലീഗിന് അർഹതയുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അതുസംബന്ധിച്ച് ആലോചിക്കാമെന്നും  അദ്ദേഹം പറഞ്ഞു.

ആധാരം തിരികെ നൽകാത്തതിന് കരുവന്നൂർ ബാങ്കിനെതിരെ ഹർജി

കൊച്ചി ∙ കരുവന്നൂർ സഹകരണ ബാങ്കിൽ ഭൂമി പണയപ്പെടുത്തി എടുത്ത വായ്പ തിരിച്ചടച്ചിട്ടും ആധാരം തിരികെ നൽകിയില്ലെന്ന ഹർജിയിൽ ഹൈക്കോടതി ഇ.ഡി.യുടെ ഉൾപ്പെടെ വിശദീകരണം തേടി. 50 സെന്റ് ഭൂമി പണയപ്പെടുത്തി എടുത്ത വായ്പ ഡിസംബർ 27 നു പൂർണമായി തിരിച്ചടച്ചിട്ടും ആധാരം ഇ.ഡിയുടെ കസ്റ്റഡിയിലാണെന്നു പറഞ്ഞ് മടക്കി നൽകുന്നില്ലെന്നു ചൂണ്ടിക്കാട്ടി തൃശൂർ സ്വദേശി ഫ്രാൻസിസ് (80) ആണ് ഹൈക്കോടതിയെ സമീപിച്ചത്. ഇ.ഡിയെയും എതിർകക്ഷിയാക്കിയാണു ഹർജി. ഹർജി പരിഗണിച്ച ജസ്റ്റിസ് സതീഷ് നൈനാൻ വിശദീകരണം തേടി കേസ് 4ലേക്കു മാറ്റി.

English Summary: UDF for agitation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT