123 വർഷത്തിനിടെ മഴ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ കാലവർഷം

Mail This Article
തിരുവനന്തപുരം ∙ സെപ്റ്റംബറിൽ അവസാനിച്ചത് 123 വർഷത്തിനിടെ സംസ്ഥാനത്ത് ഏറ്റവും കുറവു മഴ ലഭിച്ച മൂന്നാമത്തെ കാലവർഷം. സാധാരണ ലഭിക്കേണ്ടത് 201.86 സെന്റിമീറ്റർ മഴയാണെങ്കിൽ ഇത്തവണ പെയ്തത് 132.61 സെന്റിമീറ്റർ മാത്രം. 34% കുറവ്. 1918ലും 1976ലും മഴ ഇതിലും കുറവായിരുന്നു.
ഇക്കൊല്ലം ഏറ്റവും കൂടുതൽ മഴ സെപ്റ്റംബറിലും കുറവ് ഓഗസ്റ്റിലുമായിരുന്നു. സെപ്റ്റംബറിൽ പതിവുള്ള 27.2 സെന്റിമീറ്ററിനു പകരം 41.4 സെന്റിമീറ്റർ പെയ്തതോടെ വരൾച്ചഭീഷണി ഒരുപരിധി വരെ കുറഞ്ഞു. ജൂണിൽ 26.03 (സാധാരണ ലഭിക്കേണ്ടത് 64.8), ജൂലൈയിൽ 59.2 (65.3), ഓഗസ്റ്റിൽ 6 (44.5) സെന്റിമീറ്റർ വീതം മഴ ലഭിച്ചു. കഴിഞ്ഞ 3 വർഷമായി സംസ്ഥാനത്തു കാലവർഷം ശരാശരിയിലും കുറവാണ്. ഇക്കൊല്ലം ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള തുലാവർഷക്കാലത്ത് സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥവകുപ്പ് അറിയിച്ചിട്ടുണ്ട്.
ജില്ല തിരിച്ചുള്ള കണക്കിൽ വയനാട് 55%, ഇടുക്കി 54% എന്നിങ്ങനെയാണ് മഴക്കുറവ്. അതേസമയം, ഏറ്റവും കൂടുതൽ മഴ ലഭിച്ച പ്രദേശം ഇടുക്കി പൈനാവാണ് (434.9 സെന്റിമീറ്റർ). പയ്യാവൂർ (410.65), മഞ്ചേശ്വരം (373.77) എന്നിവിടങ്ങളിലും മികച്ച മഴ ലഭിച്ചു.
English Summary: Third season with the least rainfall