ADVERTISEMENT

തിരുവനന്തപുരം∙ ട്രിവാൻഡ്രം ക്ലബ്ബിൽ പണം വച്ചു ചീട്ടു കളിച്ചതിനു കൊല്ലത്തെ യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് എംഡി എസ്.ആർ.വിനയകുമാർ അടക്കം 9 പേരെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരനാണു വിനയകുമാർ. കോടിയേരിയുടെ ചരമവാർഷികത്തിന്റെ പിറ്റേന്നാണു സംഭവം. കോടിയേരിയുടെ മൃതദേഹം തലസ്ഥാനത്തു കൊണ്ടുവരണമെന്ന ആഗ്രഹം സിപിഎം സെക്രട്ടറി എം.വി.ഗോവിന്ദനെ അറിയിച്ചിരുന്നതായി ഭാര്യ വിനോദിനി മനോരമ ഓൺലൈൻ ‘ക്രോസ് ഫയർ’ പംക്തിയിൽ തുറന്നു പറഞ്ഞതിനു തൊട്ടു പിന്നാലെയായിരുന്നു പൊലീസ് നടപടി. 

തിങ്കളാഴ്ച രാത്രി ഏഴരയോടെയാണു ക്ലബ്ബിലെ അഞ്ചാം നമ്പർ കോട്ടേജിൽ നിന്നു സംഘത്തെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. 5.60 ലക്ഷം രൂപയും പിടിച്ചെടുത്തു. വിനയകുമാറിനെ എംഡി സ്ഥാനത്തുനിന്നു സസ്പെൻഡ് ചെയ്തേക്കും. ഇതു സംബന്ധിച്ച റിപ്പോർട്ട് സർക്കാരിനു നൽകുമെന്നു സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു പറഞ്ഞു. 

സിമന്റ് വ്യാപാരി ശങ്കർ, പ്രവാസിയായ ഷിഹാസ്, റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ അഷറഫ്, വ്യാപാരിയായ വിനോദ്, ഐടിഐ ഇൻസ്ട്രക്ടർ സീതാറാം, വ്യാപാരിയായ മനോജ്, സിബി ആന്റണി, അമൽ എന്നിവരാണ് വിനയകുമാറിനു പുറമെ അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു റെയ്ഡ് നടത്തിയതെന്നാണു പൊലീസ് ഭാഷ്യം. എന്നാൽ മുൻപൊന്നും ട്രിവാൻഡ്രം ക്ലബ്ബിൽ ചീട്ടുകളി പിടിക്കാൻ റെയ്ഡ് നടത്തിയിട്ടില്ല. സംഭവത്തെക്കുറിച്ചു വിനയകുമാറിന്റെ പ്രതികരണം ലഭിച്ചില്ല.

യുണെറ്റഡ് ഇലക്ട്രിക്കൽസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് ഇൻസ്റ്റിറ്റ്യൂഷനൽ മെമ്പർഷിപ് ആണു ക്ലബ്ബിലുള്ളത്. 2016 മുതൽ ഈ സ്ഥാപനത്തിന് അംഗത്വമുണ്ട്. അംഗത്വം സസ്പെൻഡ് ചെയ്തതായി ട്രിവാൻഡ്രം ക്ലബ് പ്രസിഡന്റ് കെ.എസ്.സേതുനാഥ്, സെക്രട്ടറി അജിത് കുമാർ മൂർത്തി എന്നിവർ അറിയിച്ചു. 

സ്ഥാപനത്തിന്റെ ചെയർമാൻ ബിനോയ് ജോസഫ്, എംഡി വിനയകുമാർ എന്നിവരാണ് ഈ അംഗത്വത്തിൽ നോമിനികൾ. വർഷം 11.50 ലക്ഷം രൂപയാണു ഫീസ്. കഴിഞ്ഞ 30 മുതൽ ഇന്നലെ വരെ വിനയകുമാർ അഞ്ചാം നമ്പർ കോട്ടേജ് ബുക്ക് ചെയ്തിരുന്നു. ക്ലബ് തല അന്വേഷണത്തിൽ കുറ്റം തെളിഞ്ഞാൽ അംഗത്വം സ്ഥിരമായി റദ്ദാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 

അച്ഛന്റെ പേരുമാറ്റി പൊലീസ് തരികിട

വിനയകുമാറിന്റെ അച്ഛന്റെ പേര് എഫ്ഐആറിൽ മാറ്റിയെഴുതി . കോടിയേരി ബാലകൃഷ്ണന്റ ഭാര്യ വിനോദിനിയുടെ സഹോദരനാണ് വിനയകുമാർ. തലശേരി എംഎൽഎയായിരുന്ന എം.വി.രാജഗോപാലനാണു വിനയകുമാറിന്റെ പിതാവ്. പക്ഷെ എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത് അരവിന്ദാക്ഷൻ എന്നാണ്. വിനയനെ പിടിച്ചതു പുലിവാലാകുമെന്നു കരുതി മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ചിലരാണു ഈ തിരിമറി നടത്തിയതെന്നാണു സ്പെഷൽ ബ്രാഞ്ച് കണ്ടെത്തൽ. എന്നാൽ വിനയകുമാർ അച്ഛന്റെ പേരു തെറ്റിച്ചു പറഞ്ഞതാണെന്നാണു പൊലീസിന്റെ വിശദീകരണം. ഇതു പ്രഥമ വിവര റിപ്പോർട്ട് മാത്രമാണെന്നും തിരുത്തൽ വരുത്തി കോടതിയിൽ റിപ്പോർട്ട് നൽകാൻ കഴിയുമെന്നും ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. 

English Summary : Police arrested nine persons in the case of gambling with money at Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT