സഹകരണ ക്രമക്കേട് പട്ടിക: നിയമസഭയിൽ വച്ചതൊന്ന്, പുറത്തുവിട്ടത് മറ്റൊന്ന്
Mail This Article
തിരുവനന്തപുരം ∙ കരുവന്നൂർ, കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുകളിൽ മുഖം നഷ്ടപ്പെട്ട ഇടതുമുന്നണിയെ സഹായിക്കാൻ സർക്കാർ കേന്ദ്രങ്ങളിൽനിന്നു പുറത്തുവിട്ട പട്ടികയും നിയമസഭയിൽ കഴിഞ്ഞ 4 വർഷത്തിനിടെ 4 തവണയായി നൽകിയ പട്ടികയും തമ്മിൽ വൈരുധ്യം. സഹകരണവകുപ്പ് ‘ഇതുവരെ’ നടത്തിയ അന്വേഷണത്തിൽ 272 സംഘങ്ങളിൽ ക്രമക്കേടു കണ്ടെത്തിയെന്നും അതിൽ 202 എണ്ണം യുഡിഎഫിന്റെ സംഘങ്ങളിലാണെന്നും രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ പട്ടികയാണു കഴിഞ്ഞദിവസം പുറത്തുവിട്ടത്. സംഘത്തിന്റെ പേരു പറയാത്ത പട്ടികയാണിതെങ്കിലും സർക്കാർ നിയമസഭയിൽ വച്ച പട്ടികകളിൽ നല്ലൊരു പങ്കും സിപിഎം സംഘങ്ങളാണ്. പട്ടികകൾ തമ്മിൽ എണ്ണത്തിലുമുണ്ടു വൈരുധ്യം.
സാമ്പത്തിക തിരിമറിക്കു കേസെടുത്ത സംഘങ്ങൾ എത്രയുണ്ടെന്ന ചോദ്യത്തിനു നിയമസഭയിൽ 2019 നവംബറിൽ സർക്കാർ നൽകിയ മറുപടിയിൽ 121 സംഘങ്ങളാണുള്ളത്. ഇതിൽ സിപിഎം ഭരിക്കുന്ന സംഘങ്ങളും ഏറെ. അഴിമതി നടത്തിയതിനു നടപടി നേരിട്ട സംഘങ്ങൾ 179 എണ്ണമുണ്ടെന്നാണു 2020 മാർച്ചിൽ സർക്കാർ സഭയിൽ നൽകിയ മറുപടി. കാലാവധി കഴിഞ്ഞിട്ടും നിക്ഷേപം തിരിച്ചുകൊടുക്കാത്ത 164 സംഘങ്ങളുണ്ടെന്നു 2022 ജൂലൈയിൽ നിയമസഭയിൽ പേരുകൾ സഹിതം സർക്കാർ അറിയിച്ചു. അന്നു തന്നെയാണ്, ക്രമക്കേട് കണ്ടെത്തിയ 399 സംഘങ്ങളുണ്ടെന്നും സഹകരണമന്ത്രി സഭയിൽ പട്ടിക നിരത്തിയത്.
ഒരു വർഷം കഴിഞ്ഞപ്പോഴേക്കും ക്രമക്കേടുള്ള സംഘങ്ങളുടെ എണ്ണം സർക്കാർ കണക്കിൽ 272 ആയി കുറഞ്ഞു. അതിൽ 202 എണ്ണം യുഡിഎഫിന്റേതെന്നു കൃത്യമായി പറയുകയും ചെയ്തു. സഭയിൽ വച്ച പട്ടികകളിൽ ഉൾപ്പെട്ട പല സംഘങ്ങളെയും ഈ പട്ടികയിൽനിന്ന് ഒഴിവാക്കിയെന്നു വ്യക്തം. 101 കോടിയുടെ സാമ്പത്തിക ക്രമക്കേട് നടന്ന കണ്ടല ബാങ്ക് ഉൾപ്പെടെയുള്ളവ തിരുവനന്തപുരത്തായിട്ടും പട്ടികയിൽ ജില്ലയിൽനിന്ന് എൽഡിഎഫ് ഭരിക്കുന്ന ഒരു ബാങ്ക് മാത്രമേയുള്ളൂ.
നിയമസഭയിൽ വച്ചതിൽ കേസ് നേരിടുന്നത്, അഴിമതിക്കു നടപടിയെടുത്തത്, നിക്ഷേപം തിരിച്ചുകൊടുക്കാത്തത്, ക്രമക്കേടു കണ്ടെത്തിയത് എന്നീ 4 പട്ടികകളിലും കരുവന്നൂർ ഉൾപ്പെട്ടിട്ടുണ്ട്. ഇവിടെ സാമ്പത്തിക തിരിമറി നടക്കുന്നതായി 2019ൽ തന്നെ സർക്കാരിന് അറിവുണ്ടായിരുന്നുവെന്നും നിയമസഭയിലെ ഉത്തരത്തിൽനിന്നു വ്യക്തം. കണ്ടല സർവീസ് ബാങ്ക് നിയമസഭയിൽ വച്ച 2 പട്ടികകളിലുണ്ട്.
അതേസമയം, ഇപ്പോൾ ഭരിക്കുന്ന രാഷ്ട്രീയ മുന്നണിയുടെ പേരു പറഞ്ഞു പട്ടിക പുറത്തുവിട്ട സർക്കാർ, നിയമസഭയിൽ നൽകിയ മറുപടികളിൽ ഭരിക്കുന്നത് ആരെന്നു സൂചിപ്പിച്ചിട്ടില്ല. ഔദ്യോഗികമായി രാഷ്ട്രീയാടിസ്ഥാനത്തിലല്ല സഹകരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് എന്നതു തന്നെയാണ് കാരണം. രേഖകളിലോ, ഔദ്യോഗിക വിവരങ്ങളിലോ ഭരണമുന്നണിയുടെ രാഷ്ട്രീയം ചേർക്കാറില്ല. അങ്ങനെയിരിക്കെയാണു കഴിഞ്ഞദിവസം സർക്കാർ കേന്ദ്രങ്ങളിൽനിന്നു രാഷ്ട്രീയം പറഞ്ഞു പട്ടിക പുറത്തുവിട്ടത്.
English Summary: Irregularities in cooperative societies: CPM controlled banks are missing from the latest list released by ministers office