ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കം; സംഘപരിവാർ സംഘടനകളുടെ യോഗം ഇന്നുമുതൽ
Mail This Article
തിരുവനന്തപുരം ∙ ബിജെപിയുൾപ്പെടെ എല്ലാ സംഘപരിവാർ പ്രസ്ഥാനങ്ങളുടെയും സംസ്ഥാന ഭാരവാഹികളുടെ സംയുക്ത യോഗം ഇന്നും നാളെയും ഇവിടെ ചേരും. ആർഎസ്എസ് അഖിലഭാരതീയ ഭാരവാഹി സഹസർകാര്യവാഹ് സി.ആർ.മുകുന്ദും ബിജെപി മുൻ ദേശീയ ജനറൽ സെക്രട്ടറിയും പിന്നീട് ആർഎസ്എസ് ദേശീയ നേതൃത്വത്തിലേക്കു പ്രവർത്തനം മാറിയ റാംമാധവുമാണ് പങ്കെടുക്കുന്നത്. ആർഎസ്എസ് സംസ്ഥാന നേതൃത്വത്തിലെ മുഴുവൻ ഭാരവാഹികളും പങ്കെടുക്കും. ബിജെപി, ബിഎംഎസ്, യുവമോർച്ച, എബിവിപി തുടങ്ങി 33 സംഘപരിവാർ പ്രസ്ഥാനങ്ങളുടെയും സംസ്ഥാന നേതൃത്വത്തിന്റെ പ്രതിനിധികളെയാണ് വാർഷിക സമന്വയ യോഗത്തിലേക്കു ആർഎസ്എസ് വിളിച്ചിട്ടുള്ളത്.
ബിജെപിയിൽനിന്നു സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, എം.ടി.രമേശ്, എ.എൻ.രാധാകൃഷ്ണൻ, സംഘടനാ ജനറൽ സെക്രട്ടറി കെ.സുഭാഷ് എന്നിവരാണ് പങ്കെടുക്കുന്നത്. ഓരോ സംഘപരിവാർ പ്രസ്ഥാനവും വരുന്ന വർഷത്തെ പ്രവർത്തന ലക്ഷ്യം റിപ്പോർട്ടായി അവതരിപ്പിക്കുകയും അതിൽ ആർഎസ്എസ് നേതൃത്വം നിർദേശിക്കുന്ന കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി പ്രവർത്തന രീതി നിശ്ചയിക്കുന്നതുമാണ് സമന്വയ യോഗത്തിൽ പതിവ്.
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ഈ യോഗത്തിൽ ചർച്ച ചെയ്യും. 2025 ൽ 100 വർഷം തികയുന്ന ആർഎസ്എസ് അതുവരെ ഓരോ സംഘടനയും ചെയ്യേണ്ട കാര്യങ്ങൾ നിർദേശിക്കുന്നുണ്ട്. പരിവാർ പ്രസ്ഥാനങ്ങളുടെ പൂർണജയം ലക്ഷ്യമിട്ടാണ് ഇനി പ്രവർത്തനം. വിജയദശമി പഥസഞ്ചലനം രാജ്യത്താകെ ഇത്തവണ ഏറ്റവും കൂടുതൽ പ്രവർത്തകരെ പങ്കെടുപ്പിച്ച് നടത്തണമെന്നായിരുന്നു നിർദേശം.