കരുവന്നൂർ കള്ളപ്പണം വെളുപ്പിക്കൽ കേസ്: ക്രൈംബ്രാഞ്ചിന് രേഖ നൽകില്ലെന്ന് ഇ.ഡി

Mail This Article
കൊച്ചി ∙ തൃശൂർ കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പിടിച്ചെടുത്ത രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ ക്രൈംബ്രാഞ്ചിനു നൽകേണ്ടതില്ലെന്നു നിയമോപദേശം. കാര്യകാരണ സഹിതം ഇതു വ്യക്തമാക്കി പ്രത്യേക കോടതി മുൻപാകെ ഇ.ഡി. എതിർസത്യവാങ്മൂലം സമർപ്പിച്ചു.
ഇ.ഡി. കേസന്വേഷിക്കാൻ തുടങ്ങിയതിനു ഒരുവർഷം മുൻപു തന്നെ ബാങ്കിൽ പരിശോധന നടത്തി ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത 92 നിർണായക രേഖകൾ ഇ.ഡി.ആവശ്യപ്പെട്ടിട്ടും ക്രൈംബ്രാഞ്ച് നൽകിയിട്ടില്ല. ഇക്കാര്യവും എതിർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 350 കോടിയിലധികം രൂപ ബാങ്കിനു നഷ്ടപ്പെട്ട സംഭവത്തിൽ ഇ.ഡി. പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ രാഷ്ട്രീയ നേതാക്കൾക്കെതിരായ തെളിവുകൾ ഉൾപ്പെടുന്നതാണു ക്രൈംബ്രാഞ്ചിന്റെ പക്കലുള്ള രേഖകൾ.
ക്രൈംബ്രാഞ്ച് അന്വേഷണം നിർജീവമായ ഘട്ടത്തിലാണു കള്ളപ്പണം വെളുപ്പിക്കൽ തടയൽ (പിഎംഎൽഎ) നിയമപ്രകാരം ഇ.ഡി.അന്വേഷണം തുടങ്ങിയതു തന്നെ. ബാങ്കിലെ സാധാരണക്കാരായ നിക്ഷേപകർക്കു നഷ്ടപ്പെട്ട പണം കുറച്ചെങ്കിലും തിരിച്ചുകിട്ടാൻ സാധ്യതയുള്ളതു പിഎംഎൽഎ കേസിൽ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിലൂടെയാണ്.
54 പ്രതികളുടെ 87 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി.ഇതിനകം കണ്ടുകെട്ടി. 200 കോടി രൂപയുടെ സ്വത്തുവകകൾ പ്രതികൾക്കുണ്ടെന്നാണു പ്രാഥമിക നിഗമനം. ഇതു കണ്ടെത്താനുള്ള ശ്രമം നടക്കുന്നതിനിടയിലാണു ഇ.ഡിയുടെ പക്കലുള്ള രേഖകൾ ചോദിച്ച് ക്രൈംബ്രാഞ്ചിന്റെ ഹർജി കോടതിയിലെത്തിയത്. ഇത് പ്രതികൾക്കു വേണ്ടിയുള്ള നീക്കമായാണ് ഇ.ഡി.വിലയിരുത്തുന്നത്.
പ്രതികളുടെ സ്വത്തുക്കൾ കണ്ടെത്തി കണ്ടുകെട്ടുന്ന നടപടികൾ പുരോഗമിക്കുന്ന ഘട്ടത്തിൽ രേഖകൾ ക്രൈംബ്രാഞ്ചിന്റെ പക്കലെത്തിയാൽ അത് അന്വേഷണത്തെ ഏതെല്ലാം രീതിയിൽ ബാധിക്കുമെന്നു വ്യക്തമാക്കുന്നതാണ് എതിർ സത്യവാങ്മൂലം.
ഭാസുരാംഗനെ ഇ.ഡി വീണ്ടും ചോദ്യംചെയ്യും
കൊച്ചി ∙ തിരുവനന്തപുരം കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബാങ്കിന്റെ മുൻ പ്രസിഡന്റും സിപിഐ നേതാവുമായ എൻ.ഭാസുരാംഗനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വീണ്ടും ചോദ്യംചെയ്യും. ഈയാഴ്ച മൂന്നു തവണയായി 20 മണിക്കൂറോളം ഭാസുരാംഗനെ ചോദ്യംചെയ്തിരുന്നു. ഇന്നലെ വീണ്ടും ഹാജരാകാൻ നിർദേശിച്ചിരുന്നെങ്കിലും ആരോഗ്യപരമായ കാരണങ്ങൾ അറിയിച്ചു ഹാജരായില്ല. പുതിയ തീയതി അന്വേഷണ സംഘം അറിയിക്കും.