ഉദ്യോഗസ്ഥർ പരാതികൾ സ്വീകരിക്കുന്നത് മന്ത്രിമാർക്കു വേണ്ടി: മുഖ്യമന്ത്രി

Mail This Article
കാസർകോട് ∙ ഉദ്യോഗസ്ഥർ പരാതികൾ കൈപ്പറ്റുന്നതു മന്ത്രിസഭയ്ക്കു വേണ്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘മുഖ്യമന്ത്രി നേരിട്ടു പരാതി സ്വീകരിക്കേണ്ട കാര്യമില്ല. ഞങ്ങൾ നേരിട്ടു വാങ്ങിയാലും തുടർ നടപടികളെടുക്കേണ്ടത് ഉദ്യോഗസ്ഥരാണ്. നേരിട്ട് ഉദ്യോഗസ്ഥർക്കു നൽകുമ്പോൾ ഉടൻ നടപടികൾ ആരംഭിക്കും. ഇതെക്കുറിച്ചു ജനങ്ങൾക്കു പരാതിയില്ല.’ – മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുമായി സംവദിക്കുന്നില്ലെന്ന രീതിയിൽ വിമർശനങ്ങളുയർന്ന പശ്ചാത്തലത്തിലാണ് പത്രസമ്മേളത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം.
ഉദ്യോഗസ്ഥർ നേരിട്ടു പരാതി സ്വീകരിക്കുന്നതിനാൽ ബാക്കി നടപടികൾ എളുപ്പത്തിലാകുമെന്നാണു സർക്കാരിന്റെ വിലയിരുത്തൽ. എന്നാൽ, ജനങ്ങളെ കാണുകയോ പരാതികൾ അറിയുകയോ ചെയ്യാതെ നടത്തുന്ന സദസ്സ് ധൂർത്തു മാത്രമാണെന്നാണ് പ്രതിപക്ഷ വിമർശനം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടത്തിയ ജനസമ്പർക്ക പരിപാടിയെ അനുകരിക്കാൻ ശ്രമിച്ച് ഇടതുപക്ഷം ദയനീയമായി പരിചയപ്പെട്ടെന്നും പ്രതിപക്ഷം വിമർശിച്ചു.
മറച്ചുവയ്ക്കുന്ന യാഥാർഥ്യങ്ങൾ ജനങ്ങളെ അറിയിക്കാൻ കൂടിയാണു നവകേരള സദസ്സ് നടത്തുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യത്തെ സംരക്ഷിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യുക എന്നതു ജനാധിപത്യ സർക്കാരിന്റെ കടമയാണ്. ആ കടമ നിറവേറ്റുകയാണ് നവകേരള സദസ്സിന്റെ ധർമം. ആദ്യദിനം മഞ്ചേശ്വരം മണ്ഡലത്തിൽ 1908 പരാതികളാണു ലഭിച്ചത്. ഇവ വേർതിരിച്ച് പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കും. പരാതികൾ സ്വീകരിക്കുന്നതിനുള്ള സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.