സപ്ലൈകോയിലും ഇപോസ് വന്നേക്കും; സബ്സിഡി ഉൽപന്നങ്ങളുടെ വിൽപനയിലെ ക്രമക്കേടും അഴിമതിയും തടയുക ലക്ഷ്യം

Mail This Article
തിരുവനന്തപുരം ∙ സിവിൽ സപ്ലൈസ് കോർപറേഷന്റെ (സപ്ലൈകോ) 1500 ൽ പരം വിൽപനശാലകൾ വഴി റേഷൻ കാർഡ് ഉടമകൾ വാങ്ങുന്ന സബ്സിഡി ഉൽപന്നങ്ങളുടെ വിൽപന ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) യന്ത്രങ്ങൾ വഴിയാക്കാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ നീക്കം. ഇതിനു മുന്നോടിയായി പ്രാഥമിക ചർച്ചകളും കണക്കെടുപ്പും ആരംഭിച്ചു. സബ്സിഡി ഉൽപന്നങ്ങളുടെ വിൽപനയിലെ ക്രമക്കേടും അഴിമതിയും തടഞ്ഞ് അനാവശ്യ ചെലവുകൾ നിയന്ത്രിക്കാനാണിത്.
റേഷൻ കടകളിലേതിനു സമാനമായി ഇ പോസ് യന്ത്രങ്ങൾ വഴി കാർഡുടമകളുടെ ബയോ മെട്രിക് വിവരങ്ങൾ ശേഖരിച്ച് അർഹരായവർക്കു തന്നെ സബ്സിഡി സാധനങ്ങൾ സപ്ലൈകോയിലും വിൽക്കാനാണ് ആലോചന. ഇതോടെ ഓരോ കടയിൽനിന്നും സബ്സിഡി ഉൽപന്നങ്ങൾ വാങ്ങുന്നവരുടെ വിവരം സപ്ലൈകോയുടെ കൊച്ചി ആസ്ഥാനത്ത് പ്രത്യേക സോഫ്റ്റ്‌വെയറിലൂടെ നിരീക്ഷിക്കാം.
പ്രതിമാസം 35–40 ലക്ഷം റേഷൻ കാർഡുടമകൾ സപ്ലൈകോയിൽ നിന്ന് 13 ഇനം സാധനങ്ങൾ സബ്സിഡിയോടെ വാങ്ങുന്നുവെന്നാണു കണക്ക്. പൊതുവിപണിയിൽ 1400 രൂപ വില വരുന്ന സാധനങ്ങളാണ് പകുതി വിലയിൽ നൽകുന്നത്. റേഷൻ കാർഡിലെ നമ്പർ രേഖപ്പെടുത്തിയാണു വിൽപന. സബ്സിഡി സാധനങ്ങളുടെ വിൽപനയുടെ മറവിൽ ഒട്ടേറെ ക്രമക്കേടുകൾ സപ്ലൈകോ വിജിലൻസ് ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. മുൻപു സാധനങ്ങൾ വാങ്ങിയ കാർഡുടമകളുടെ നമ്പർ ശേഖരിച്ചു തട്ടിപ്പു നടത്തുന്നുവെന്ന പരാതി വകുപ്പു മന്ത്രിക്കു മുൻപിലും എത്തിയിരുന്നു. സബ്സിഡി സാധനങ്ങളുടെ വിൽപനയ്ക്കായി 1500 കോടിയിൽപരം രൂപ ചെലവിടുമ്പോൾ ക്രമക്കേടുകളിലൂടെ നഷ്ടമാകുന്ന തുക എത്രയാണെന്നു വിലയിരുത്തിയിട്ടില്ല.
എന്നാൽ, റേഷൻ കടകളിൽ ഇടയ്ക്കിടെ സംഭവിക്കുന്നതുപോലെ ഇ പോസ് സംവിധാനം ‘പണിമുടക്കി’ വിൽപന തടസ്സപ്പെടുമോയെന്ന ആശങ്കയുമുണ്ട്. ഇതിനു വേണ്ട ക്രമീകരണങ്ങളും ചെലവും സംബന്ധിച്ച റിപ്പോർട്ട് സപ്ലൈകോ തയാറാക്കി ഭക്ഷ്യ പൊതുവിതരണ വകുപ്പിനു സമർപ്പിക്കും.