ADVERTISEMENT

കോഴിക്കോട് ∙ കിനാലൂർ എസ്റ്റേറ്റ് സ്ഥലവിൽപനയിലെ ക്രമക്കേടു സംബന്ധിച്ചു വിജിലൻസ് പുതിയ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നു വിജിലൻസ് സ്പെഷൽ കോടതി ജഡ്ജി ടി.മധുസൂദനൻ ഉത്തരവിട്ടു. പി.ടി.എസ്.ഉണ്ണി സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

സ്റ്റാംപ് ഡ്യൂട്ടിയിനത്തിൽ സംസ്ഥാന സർക്കാരിന് 20 കോടിയോളം രൂപ നഷ്ടം വരുത്തിയെന്നും, അതിനു പിഴ ഈടാക്കണമെന്നുമുള്ള പരാതിപ്രകാരം റവന്യു പ്രിൻസിപ്പൽ സെക്രട്ടറി, കലക്ടർ എന്നിവരുൾപ്പെടെ 16 പേർക്കെതിരെയാണ് അന്വേഷണം. ലേബർ സെക്രട്ടറി, ജില്ലാ റജിസ്ട്രാർ, താലൂക്ക് ലാൻഡ് ബോർഡ് ചെയർമാൻ, റവന്യു പ്രിൻസിപ്പൽ സെക്രട്ടറി, സ്ഥലം വിൽപന നടത്തിയ കൊച്ചിൻ മലബാർ എസ്റ്റേറ്റ് ലിമിറ്റഡ് കമ്പനി ഡയറക്ടർ എന്നിവരാണ് അന്വേഷണം നേരിടുന്ന മറ്റുള്ളവർ. 

1534.65 ഏക്കർ വരുന്ന കിനാലൂർ എസ്റ്റേറ്റ് മുറിച്ചു വിറ്റതിനെതിരെ പി.ടി.എസ്.ഉണ്ണി വിജിലൻസ് കോടതിയിൽ 2016ൽ പരാതി നൽകിയിരുന്നു. 471 ആധാരങ്ങൾ പ്രകാരം നടത്തിയ വിൽപനയിൽ ക്രിമിനൽ ഗൂഢാലോചനയും അന്യായമായ ധനസമ്പാദനവും നടന്നതായി ആരോപിച്ചാണ് ഉദ്യോഗസ്ഥർക്കെതിരെ കേസ് കൊടുത്തത്. അതിൽ വിജിലൻസ് പ്രാഥമികാന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിശദാന്വേഷണത്തിനു കോടതി ഉത്തരവിട്ടെങ്കിലും എഫ്ഐആർ റജിസ്റ്റർ ചെയ്തതിനെതിരെ എതിർകക്ഷികൾ ഹൈക്കോടതിയെ സമീപിച്ചു സ്റ്റേ വാങ്ങി. തുടർന്ന് കേസ് തള്ളണമെന്ന് അപേക്ഷിച്ചു പ്രതികൾ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.

എഫ്ഐആർ റദ്ദാക്കി ആവശ്യമെങ്കിൽ ‍പുതിയ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ എതിർപ്പില്ലെന്നു പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. തുടർന്നു ഹൈക്കോടതി കേസ് 2021ൽ കീഴ്ക്കോടതിയിലേക്ക് പരിശോധനയ്ക്കയച്ചു. അതിനിടെ പരാതിക്കാരൻ ഓഡിറ്റ് റിപ്പോർട്ട് ഉൾപ്പെടെ കൂടുതൽ തെളിവുകൾ സമർപ്പിച്ചു. 471 ആധാരങ്ങളിലെ സ്റ്റാംപ് ഡ്യൂട്ടി വെട്ടിപ്പു വ്യക്തമാക്കുന്നവയായിരുന്നു പുതിയ തെളിവുകൾ. അതു കൂടി പരിഗണിച്ചാണു പുതിയ അന്വേഷണത്തിനു സ്പെഷൽ വിജിലൻസ് കോടതി ഉത്തരവിട്ടത്. പരാതിക്കാരനുവേണ്ടി അഡ്വ. എം.എസ്.സജി ഹാജരായി. 

English Summary:

FIR to be registered in Kinalur land case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com