ഓർമകളുടെ ‘പൂമുഖം’ ഇനി പിതാവിന്റെ മണ്ണിൽ; ജെ.സി. ഡാനിയേലിന്റെ മകൻ തിരുവനന്തപുരത്ത് സ്ഥിരതാമസത്തിന്
Mail This Article
തിരുവനന്തപുരം ∙ തലസ്ഥാന നഗരിയിലെ ഫ്ലാറ്റിൽ താമസത്തിനെത്തിയപ്പോൾ ഹാരിസ് ഡാനിയേലിനെ ആ ഒരൊറ്റ പേരിന്റെ പിൻബലത്തിൽ അയൽവാസികൾ തിരിച്ചറിഞ്ഞു: ‘ജെ.സി.ഡാനിയേൽ!’
മലയാള സിനിമയുടെ പിതാവ് ജെ.സി.ഡാനിയേലിന്റെ മകൻ ഹാരിസും ഭാര്യ സുശീല റാണിയുമാണ് ദശകങ്ങൾ നീണ്ട തമിഴ്നാട് വാസത്തിനു ശേഷം തിരുവനന്തപുരത്ത് സ്ഥിരതാമസത്തിന് എത്തിയത്. പിതാവിന്റെ സ്റ്റുഡിയോ പ്രവർത്തിച്ചിരുന്ന, അദ്ദേഹത്തിന്റെ ഓർമകൾ നിറഞ്ഞു നിൽക്കുന്ന മണ്ണിലേക്കെത്താൻ വൈകിയോ എന്ന ചിന്ത എൺപത്തെട്ടുകാരനായ ഹാരിസിന്റെ മനസ്സിലുണ്ട്. ചലച്ചിത്ര നടൻ മധു അടക്കമുള്ള സുഹൃത്തുക്കളുടെ പ്രേരണയും ഈ മടങ്ങിവരവിനു പിന്നിലുണ്ട്.
ജെ.സി.ഡാനിയലിന്റെ 5 മക്കളിൽ ഏറ്റവും ഇളയ ആളാണ് ഹാരിസ്. മറ്റു സഹോദരങ്ങളെല്ലാം മരിച്ചു. ലൈഫ് ഇൻഷുറൻസ് കോർപറേഷനിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്ന ഹാരിസ് തമിഴ്നാട്ടിലെ പല നഗരങ്ങളിലും ജോലി ചെയ്ത ശേഷം സേലത്ത് വിശ്രമ ജീവിതത്തിലായിരുന്നു. ഏകമകൾ ആദലിൻ വിവാഹിതയായി കോയമ്പത്തൂരിൽ.
സേലത്തെ വീട് വിറ്റ് തിരുവനന്തപുരത്തേക്ക് തിരിക്കുമ്പോൾ രണ്ടു കാര്യങ്ങൾ മറക്കാതെ എടുത്തു: മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളടങ്ങിയ ആൽബം. പിന്നെ സേലത്തെ വീടിന്റെ പൂമുഖവാതിലും! അതാണ് ഇപ്പോഴത്തെ ഫ്ലാറ്റിനു മുന്നിൽ പിടിപ്പിച്ചിരിക്കുന്നത്.
ഹാരിസ് ഇന്നും വിങ്ങലോടെ ഓർക്കുന്ന ഒരു കാര്യം ‘വിഗതകുമാരന്റെ’ ഫിലിം റോൾ കത്തിച്ചതാണ്. മധുരയിൽ താമസിക്കുമ്പോൾ പെട്ടിയിൽ സൂക്ഷിച്ചിരിക്കുന്ന ഫിലിം റോൾ ഏഴു വയസ്സുകാരനായിരുന്ന ഹാരിസും സഹോദരിയും കളിക്കാനെടുത്തു കൗതുകത്തിനു തീ കൊളുത്തുകയായിരുന്നു. ജെ.സി.ഡാനിയേൽ അതു കണ്ടെങ്കിലും കുട്ടികളെ തടയാതെ നിർവികാരനായി നോക്കിയിരുന്നു. ‘അറിവില്ലാത്ത ആ പ്രായത്തിൽ കാണിച്ച അവിവേകം ഇന്നും ഒരു നീറ്റലായി മനസ്സിലുണ്ട്.’ – ഹാരിസ് പറയുന്നു.