ADVERTISEMENT

പുലർച്ചെ 5.05നു പത്തനംതിട്ടയിൽ നിന്നു പുറപ്പെട്ട് വൈകിട്ട് 8 മണിയോടെ കോയമ്പത്തൂരിൽ, ആ യാത്രയെക്കുറിച്ച് റോബിൻ ബസിന്റെ ഉടമ ബേബി ഗിരീഷ് പറയുന്നു:

നവകേരള സദസ്സിനു മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുന്ന ബസിനു വേണ്ടി നിയമം മാറ്റിയില്ലേ? അതെങ്ങനെ സാധ്യമായി? മന്ത്രിമാർക്കു മാത്രം പോരാ, ജനങ്ങൾക്കു വേണ്ടിയും നിയമം മാറണം.

ഇത്രയും ജനം കൂടെയുണ്ടാകുമെന്ന് അറിയില്ലായിരുന്നു. എനിക്കുള്ള പിന്തുണ മാത്രമായല്ല കാണുന്നത്, ഉദ്യോഗസ്ഥരുടെ ധാർഷ്ട്യത്തിനുള്ള മറുപടി കൂടിയാണ്. തൃശൂർ ജില്ലയിലെ പാലിയേക്കര ടോളിനും പാലക്കാട് ജില്ലയിലെ പന്നിയങ്കര ടോളിനുമിടയിൽ 7 സ്ഥലത്താണു നാട്ടുകാർ കൈകാട്ടി നിർ‌ത്തിച്ച് സ്വീകരണം നൽകിയത്. നാട്ടുകാർ കൂവിവിളിച്ചാണു മോട്ടർവാഹന ഉദ്യോഗസ്ഥരെ നേരിട്ടത്. വൻജനാവലിയാണ് മിക്കയിടത്തും എത്തിയത്. ഇതുകാരണം, 7 മണിക്കൂർ കൊണ്ട് എത്തേണ്ട ദൂരം 15 മണിക്കൂറിലാണ് എത്തിയത്.

പകപേ‍ാലെയാണു മേ‍ാട്ടർവാഹന ഉദ്യോഗസ്ഥർ റോഡിൽ കാത്തുനിന്നു പിഴയിട്ടത്. നിയമവിരുദ്ധ നീക്കംകെ‍ാണ്ടു തടയാനാകില്ല. ഇന്നും സർവീസ് നടത്തും. ഹൈക്കേ‍ാടതിയാണ് ഒ‍ാടാൻ അനുമതി നൽകിയത്. കേ‍ാടതി പറഞ്ഞാൽ ഒ‍ാട്ടം നിർത്തും. പണ്ട് ബൈക്കപകടത്തിൽ കയ്യും കാലും തകർന്നവനാണ് ഞാൻ. ആ എന്നോടാണ് ഇത്രയും ചെയ്തത്. സത്യത്തിൽ ഉദ്യോഗസ്ഥർ നിസ്സഹായരാണ്. പക്ഷേ, സംരംഭം തുടങ്ങിയ കുറെ നിസ്സഹായരുണ്ട്. അവർക്കു പിടിച്ചുനിൽക്കണം. അവരെക്കൂടി ഉദ്യോഗസ്ഥർ കാണണം.

കോടതി കയറിയ കോയമ്പത്തൂർ സർവീസ്

ഓഗസ്റ്റ് 30നാണ് പത്തനംതിട്ട–കോയമ്പത്തൂർ സർവീസ് റോബിൻ ബസ് ആരംഭിച്ചത്. 2 ദിവസം സർവീസ് നടത്തി. സെപ്റ്റംബർ ഒന്നിനു രാവിലെ റാന്നി സ്വകാര്യ ബസ് സ്റ്റാൻഡിൽ വച്ച് മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥർ ഫിറ്റ്നസ് റദ്ദാക്കി. 45 ദിവസങ്ങൾക്കു ശേഷം ഫിറ്റ്നസ് ടെസ്റ്റ് പാസായി. ഒക്ടോബർ 16നു വീണ്ടും സർവീസ് തുടങ്ങി. റാന്നിയിലെത്തിയപ്പോൾ പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി വീണ്ടും പിടികൂടി. റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിനെത്തുടർന്ന് 25 ദിവസങ്ങൾക്കു ശേഷം ബസ് തിരികെലഭിച്ചു. തടയരുതെന്ന് ഹൈക്കോടതിയും നിർദേശിച്ചിട്ടുണ്ട്.

ഗിരീഷ് സംരംഭകനായത്

കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലായി 11 ബസ് സർവീസുകൾ ഉണ്ടായിരുന്നു. 2007ൽ ബൈക്കപകടത്തിൽ വലതുകാൽ, കൈ എന്നിവയുടെ ചലനശേഷി നഷ്ടപ്പെട്ടു. 2014ൽ ദീർഘദൂര സർവീസുകൾ സർക്കാർ ഏറ്റെടുത്തതോടെ 5 ബസുകൾ വിൽക്കേണ്ടി വന്നു. കോവിഡ് ഉൾപ്പെടെ പ്രശ്നങ്ങൾ വന്നതോടെ എരുമേലി–എറണാകുളം സർവീസ് ഒഴിച്ചുള്ളതെല്ലാം വിറ്റു. പുതിയ ബസ് വാങ്ങിയാണ് പത്തനംതിട്ട–കോയമ്പത്തൂർ സർവീസ് തുടങ്ങിയത്.

‘റോബിൻ’ നിയമം ലംഘിച്ചോ?

കേന്ദ്ര മോട്ടർവാഹന ചട്ടത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമായാണു ടൂറിസ്റ്റ് ബസുകൾ ഓടിയിരുന്നത്. പല സംസ്ഥാനങ്ങളിലും വെവ്വേറെ നികുതി അടയ്ക്കണമായിരുന്നു. ഇപ്പോൾ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് (എഐടിപി 2023) നിയമപ്രകാരം ബസുകൾക്ക് ഓൺലൈനായി പെർമിറ്റ് എടുത്ത് രാജ്യത്ത് എവിടേക്കും സർവീസ് നടത്താം.

സ്റ്റേജ് കാര്യേജ് ബസിന് സീറ്റ് ഒന്നിന് 600 രൂപയാണ് നികുതിനിരക്ക് എങ്കിൽ എഐടിപി പെർമിറ്റ് എടുക്കുന്ന ബസിൽ ഒരു സീറ്റിന് 3000 രൂപയാണു ത്രൈമാസ നികുതി അടയ്ക്കേണ്ടത്. കേന്ദ്ര മോട്ടർവാഹന ചട്ടം റൂൾ 85 (6) മുതൽ 85 (9) വരെയുള്ള ഭാഗത്താണ് കോൺട്രാക്ട് കാര്യേജ് ബസുകൾ സ്റ്റാൻഡിൽ കയറുകയോ ഇടയ്ക്കുനിന്ന് ആളുകളെ കയറ്റുകയോ ചെയ്യാൻ പാടില്ലെന്നു പറയുന്നത്. എന്നാൽ, ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിന്റെ ചട്ടങ്ങളിൽ ഇവയ്ക്ക് ഇളവു നൽകിയിട്ടുണ്ടെന്നു ബസുടമകൾ പറയുന്നു.

∙ മോട്ടർ വാഹന വകുപ്പിന്റെ വാദം: ബുക്ക് ചെയ്ത ടൂറിസ്റ്റുകളുമായി ഓടാത്തതിനാലാണ് പിഴ ചുമത്തി നോട്ടിസ് നൽകിയതെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ എൻ.സി.അജിത്കുമാർ പറഞ്ഞു. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റാണ് ബസിനുള്ളത്. കോൺട്രാക്ട് കാര്യേജ് പെർമിറ്റ് എന്നാണു നിയമപരമായി മാർക്ക് ചെയ്തിരിക്കുന്നത്. കോൺട്രാക്ട് അടിസ്ഥാനത്തിൽ സർവീസ് നടത്തുന്ന ബസുകൾ പാലിക്കേണ്ട നിബന്ധനകൾ റോബിൻ ബസിനും ബാധകമാണ്. 

∙ കേരളത്തിൽ നടക്കുന്നത്: പുതിയ പെർമിറ്റ് ഉപയോഗിച്ചു സ്വകാര്യ ഓപ്പറേറ്റർമാർ ദേശസാൽകൃത റൂട്ടിൽ സർവീസ് നടത്തുമെന്നാണ് കെഎസ്ആർടിസിയുടെ ആശങ്ക. എഐടിപി പെർമിറ്റെടുത്ത് ബോർഡ് വച്ചു നടത്തുന്ന സർവീസ് പിടിച്ചെടുക്കാമെന്നാണ് മോട്ടർ വാഹന വകുപ്പിനു ലഭിച്ച നിയമോപദേശം. 

English Summary:

Law should be changed not only for the ministers but also for the people says Baby Gireesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com