സപ്ലൈകോ: സബ്സിഡി ഉൽപന്നങ്ങളുടെ വിലവർധന ക്രിസ്മസിനു ശേഷം?
Mail This Article
തിരുവനന്തപുരം∙ സപ്ലൈകോ സബ്സിഡിയോടെ വിൽപന നടത്തുന്ന 13 അവശ്യസാധനങ്ങളുടെ വില വർധിപ്പിക്കുന്നതു ക്രിസ്മസിനു ശേഷമായിരിക്കും എന്നു സൂചന. നവകേരള സദസ്സ് അവസാനിക്കുന്നത് ഡിസംബർ 23ന് ആണ്. ഡിസംബർ പകുതിയോടെ വില വർധനയുടെ പട്ടിക തയാറാക്കും. 2016 ഏപ്രിലിലാണ് ഒടുവിൽ വില വർധിപ്പിച്ചത്. അതിനു മുൻപുണ്ടായിരുന്നതു പോലെ എല്ലാ മാസവും പൊതുവിപണിയിലെ വിലയുടെ അടിസ്ഥാനത്തിൽ സബ്സിഡി സാധനങ്ങളുടെ വിലയിൽ ഏറ്റക്കുറച്ചിലുകൾ വരുത്തുന്ന കാര്യവും പരിഗണനയിലാണ്.
മന്ത്രി ജി.ആർ.അനിൽ കഴിഞ്ഞ ദിവസം സപ്ലൈകോ എംഡിയും മാനേജർമാരുമായി നടത്തിയ ചർച്ചയെത്തുടർന്നു വില വർധനയുടെ കാര്യം തീരുമാനിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷമാകും നടപടി. വില വർധിപ്പിക്കാൻ എൽഡിഎഫ് അനുമതി നൽകിയിട്ടുണ്ട്. സബ്സിഡി ഉൽപന്നങ്ങളുടെ വില വർധിപ്പിക്കാതെ പിടിച്ചുനിൽക്കാനാകില്ലെന്നു സപ്ലൈകോ ഭക്ഷ്യപൊതുവിതരണ വകുപ്പിനു കത്തു നൽകിയതിനെത്തുടർന്നാണു നടപടി.