മുഖ്യമന്ത്രിക്കു കരിങ്കൊടി; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ക്രൂരമർദനം

Mail This Article
പഴയങ്ങാടി (കണ്ണൂർ) ∙ കല്യാശ്ശേരി മണ്ഡലത്തിലെ നവകേരള സദസ്സ് കഴിഞ്ഞു തളിപ്പറമ്പിലേക്കു പോകുകയായിരുന്ന മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ ക്രൂരമായി മർദിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ ഐസിയുവിലാണ്.
വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. പഴയങ്ങാടി കെഎസ്ഇബി ഓഫിസിനു സമീപം 6 യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനു നേരെ കരിങ്കൊടിയുമായി മുദ്രാവാക്യം വിളിച്ചവരാണ് ആക്രമണത്തിന് ഇരയായത്. ഡിവൈഎഫ്ഐ പ്രവർത്തകർ ഓടിയെത്തി ഇവരെ പിടിച്ചുമാറ്റി മർദിക്കുകയായിരുന്നു. നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനങ്ങളിലെ ഹെൽമറ്റ് എടുത്തും പരിസരത്തെ പൂച്ചട്ടികളെടുത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തല അടിച്ചുപൊട്ടിച്ചു.
മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിലുണ്ടായിരുന്ന പൊലീസുകാരും മർദനത്തിൽ പങ്കുചേർന്നു. ലോക്കൽ പൊലീസെത്തിയാണ് സംഘർഷത്തിൽപെട്ടവരെ പിടിച്ചുമാറ്റിയത്. പഴയങ്ങാടി പൊലീസ് സ്റ്റേഷനിലേക്കു മാറ്റിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സ്റ്റേഷൻ വളപ്പിലേക്കു തള്ളിക്കയറിയ സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തു. സ്റ്റേഷൻ പരിസരത്തെ സംഘർഷം തടയാൻ ശ്രമിച്ച പൊലീസും ഡിവൈഎഫ്ഐ–സിപിഎം പ്രവർത്തകരുമായി വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി.
യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമാരായ സുധീഷ് വെള്ളച്ചാൽ, മഹിത മോഹൻ, കല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് രാഹുൽ പുത്തൻപുരയിൽ, മാടായി കോളജ് കെഎസ്‌യു ചെയർമാൻ സായി ശരൺ, കെഎസ്‌യു പ്രവർത്തകൻ സഞ്ജു സന്തോഷ് എന്നിവർക്കാണു പരുക്കേറ്റത്.
ഇതിൽ രാഹുൽ, സായി ശരൺ, സുധീഷ് എന്നിവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുധീഷിന്റെ പരുക്ക് ഗുരുതരമായതിനാൽ ഐസിയുവിലാണ്.