ADVERTISEMENT

പാമ്പാടി (കോട്ടയം) ∙ കാറിനുള്ളിൽ നിറഞ്ഞ കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണു നടൻ വിനോദ് തോമസിന്റെ മരണത്തിന് ഇടയാക്കിയതെന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എസി പ്രവർത്തിപ്പിച്ചു കാറിനുള്ളിലിരുന്ന് ഉറങ്ങുന്നതിനിടെയായിരുന്നു അന്ത്യം. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണു കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണു മരണകാരണമെന്നു വ്യക്തമായത്. 

കാർബൺ മോണോക്സൈഡ് രക്തത്തിൽ 40 ശതമാനത്തിൽ അധികമായാലാണു മരണം സംഭവിക്കുക. ശ്വസിച്ചാൽ കടുത്ത ക്ഷീണം അനുഭവപ്പെടും. തുടർന്നു ഹൃദയം സ്തംഭിക്കുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. മോട്ടർ വാഹനവകുപ്പിന്റെ പരിശോധനയിൽ മാത്രമേ കൂടുതൽ വിവരം ലഭിക്കൂ എന്നും പൊലീസ് പറഞ്ഞു. ശനിയാഴ്ച വൈകിട്ട് പാമ്പാടി കാളച്ചന്തയിലെ സ്വകാര്യ ബാറിനു സമീപത്തെ പാർക്കിങ് ഗ്രൗണ്ടിലാണു കാറിനുള്ളിൽ മീനടം കുറിയന്നൂർ പരേതരായ തങ്കച്ചൻ–കുഞ്ഞമ്മ ദമ്പതികളുടെ മകൻ വിനോദ് തോമസി(47)ന്റെ മൃതദേഹം കണ്ടെത്തിയത്. അവിവാഹിതനാണ്.

അയ്യപ്പനും കോശിയും, ഹാപ്പി വെഡിങ്, നത്തോലി ഒരു ചെറിയ മീനല്ല, ഗോഡ്സ് ഓൺ കൺട്രി, ഉല്ലാസം, അയാൾ ശശി തുടങ്ങി 16 സിനിമകളിൽ അഭിനയിച്ചു. 20 ഹ്രസ്വചിത്രങ്ങളിലും സീരിയലുകളിലും അഭിനയിച്ചു. നാടകങ്ങളിൽ അഭിനയിച്ചാണു സിനിമയിലേക്ക് എത്തിയത്. അഭിനയിച്ച നാലു സിനിമകൾ പുറത്തിറങ്ങാനും കരാർ ഒപ്പിട്ട നാലു സിനിമകളിൽ അഭിനയിക്കാനും ഇരിക്കെയാണു വിനോദിന്റെ മരണം. ചെന്നൈ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അഭിനയത്തിൽ സ്വർണമെഡൽ നേടിയിട്ടുണ്ട്.

English Summary:

Actor Vinod Thomas died due to carbon monoxide inhalation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com