കാലിക്കറ്റ് സെനറ്റ്:18 പേരുടെ നാമനിർദേശവുമായി ഗവർണർ

Mail This Article
തിരുവനന്തപുരം ∙ കാലിക്കറ്റ് സർവകലാശാലാ സെനറ്റിലേക്കുള്ള ചാൻസലറുടെ പ്രതിനിധികളായി സ്വന്തം നിലയിൽ 18 പേരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാമനിർദേശം ചെയ്തു.
ഇതിൽ വിദ്യാർഥി പ്രതിനിധികളായ 4 പേർ ഒഴികെ 14 പേരുടെയും കാര്യത്തിൽ ഗവർണർ സ്വയം വിലയിരുത്തിയ ശേഷമാണ് വ്യക്തികളെ തിരഞ്ഞെടുത്തത്. ഇവരുടെ പട്ടിക കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലർക്ക് അയച്ചു കൊടുത്തിട്ടുണ്ട്.
ഗവർണറുടെ പ്രതിനിധികളായി നാമനിർദേശം ചെയ്യേണ്ടവരുടെ പട്ടിക നേരത്തേ വൈസ് ചാൻസലർ രാജ്ഭവനിലേക്ക് അയച്ചിരുന്നു. ചില വ്യക്തികൾ തങ്ങളെക്കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ ബയോഡേറ്റ സഹിതം ഗവർണർക്ക് നൽകി. ചില ക്രിസ്ത്യൻ സംഘടനകൾ, സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി, ബിജെപി അനുകൂല സംഘടനകൾ തുടങ്ങിയവയും സെനറ്റിലേക്ക് ആളുകളെ ശുപാർശ ചെയ്തിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ഗവർണർ അന്തിമ തീരുമാനം എടുത്തത്.
കാലിക്കറ്റിൽ സെനറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയായിട്ട് 6 മാസം ആയെങ്കിലും ഗവർണറുടെ പ്രതിനിധികളെ ലഭിക്കാത്തതുകൊണ്ട് സിൻഡിക്കറ്റിലേക്ക് തിരഞ്ഞെടുപ്പ് നടത്താൻ സാധിച്ചിരുന്നില്ല. സർക്കാർ നാമനിർദേശം ചെയ്ത 6 പേരെ വച്ചാണ് നിലവിൽ സിൻഡിക്കറ്റിന്റെ പ്രവർത്തനം. സെനറ്റിലേക്കുള്ള ഗവർണറുടെ പ്രതിനിധികളെ സർവകലാശാല വിജ്ഞാപനം ചെയ്യുന്നതോടെ സിൻഡിക്കറ്റ് തിരഞ്ഞെടുപ്പിനുള്ള തടസ്സം നീങ്ങും. മുംബൈയിലുള്ള ഗവർണർ ഓൺലൈൻ ആയാണ് സെനറ്റ് അംഗങ്ങളുടെ പട്ടിക അംഗീകരിച്ചത്. ഇത് അപ്പോൾ തന്നെ വിസിക്ക് മെയിൽ ചെയ്തു കൊടുത്തു. ഡൽഹിയിലേക്ക് പോകുന്ന ഗവർണർ 25നു തിരുവനന്തപുരത്ത് തിരികെ എത്തും.