ലിഫ്റ്റിലുയർന്ന് മന്ത്രിസഭ; വിഐപി ബസിലെ ഹൈഡ്രോളിക് ലിഫ്റ്റ് സംവിധാനം ഉപയോഗിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

Mail This Article
കാസർകോട് ∙ ഒടുവിൽ വിഐപി ബസിലെ ഹൈഡ്രോളിക് ലിഫ്റ്റ് സംവിധാനം ഉപയോഗിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. ഇന്നലെ രാവിലെ പത്രസമ്മേളനത്തിനു ശേഷം കാസർകോട് ഗവ.ഗെസ്റ്റ് ഹൗസിൽനിന്ന് നവകേരള സദസ്സിലേക്കു പോകാനായി ഇറങ്ങിയപ്പോഴാണ് ഹൈഡ്രോളിക് ലിഫ്റ്റ് ഉപയോഗിച്ചു ബസിൽ കയറിയത്. തുടക്കത്തിൽ പിൻവാതിൽ മാത്രമാണു തുറന്നിരുന്നത്. മന്ത്രിമാരായ പി.പ്രസാദ്, കെ.എൻ.ബാലഗോപാൽ, ആർ.ബിന്ദു, ആന്റണി രാജു തുടങ്ങിയവർ പിൻവാതിൽ വഴി തന്നെ ഉള്ളിൽ പ്രവേശിച്ചു.

മന്ത്രി കെ.കൃഷ്ണൻകുട്ടിയെത്തിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ മുൻവാതിൽ തുറന്ന് ഹൈഡ്രോളിക് ലിഫ്റ്റ് സംവിധാനത്തിലൂടെ കയറ്റി. പിന്നീട് മന്ത്രി ആന്റണി രാജു പുറത്തിറങ്ങി മുഖ്യമന്ത്രിയെത്താൻ കാത്തുനിന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പിന്നാലെയെത്തി ഹൈഡ്രോളിക് ലിഫ്റ്റ് വഴി അകത്തേക്ക്. കാസർകോട് നായന്മാർമൂലയിലെ നവകേരള സദസ്സിന്റെ വേദിയിലെത്തിയപ്പോൾ മുഖ്യമന്ത്രി മാത്രമാണ് ഹൈഡ്രോളിക് ലിഫ്റ്റ് വഴി പുറത്തിറങ്ങിയത്. ഉദുമയിലും ഇതാവർത്തിച്ചു. നിലത്തു നിന്ന് 15 സെന്റിമീറ്ററോളം ഉയർന്നു നിൽക്കുന്ന പ്ലാറ്റ്ഫോമിൽ കയറിയ ശേഷം വശത്തെ ബട്ടൺ അമർത്തിയാണു മുകളിലേക്ക് ഉയരുന്നത്.
