ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ വൈദ്യുതി വിതരണം സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ വിപുലമായ സംവിധാനം ഏർപ്പെടുത്താൻ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ നിർദേശം നൽകി. കേരള വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ (കൺസ്യൂമർ ഗ്രീവൻസ് റിഡ്രസൽ ഫോറം ആൻഡ് ഇലക്ട്രിസിറ്റി ഓംബുഡ്സ്മാൻ) ഭേദഗതിയിലൂടെയാണ് സബ് ഡിവിഷൻ തലം മുതൽ വിവിധ ഘട്ടങ്ങളിലായി പരാതി പരിഹാര സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത്. വൈദ്യുതി മേഖലയിൽ ഉപയോക്താക്കളുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ വിവിധ നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് ഭേദഗതി.

ഗാർഹിക കണക്‌ഷനുകൾ ഉൾപ്പെടെയുള്ള ലോ ടെൻഷൻ (എൽടി) ഉപയോക്താക്കളുടെ പരാതി പരിഹാരത്തിന് സബ് ഡിവിഷൻ തലത്തിൽ പരാതി പരിഹാര സെല്ലുകൾ 6 മാസത്തിനുള്ളിൽ രൂപീകരിക്കും. ഹൈടെൻഷൻ (എച്ച്ടി), എക്സ്ട്രാ ഹൈടെൻഷൻ (ഇഎച്ച്ടി) വിഭാഗങ്ങളിലെ പരാതി പരിഹരിക്കാൻ സർക്കിൾ തലത്തിൽ സെല്ലുകൾ രൂപീകരിക്കും. മാധ്യമങ്ങളിലൂടെ മുൻകൂട്ടി അറിയിപ്പു നൽകി മാസത്തിൽ ഒരു ദിവസം പരാതി പരിഹാരത്തിനായി സിറ്റിങ് നടത്തണം. ഈ രണ്ടു സംവിധാനങ്ങളിലും തീർപ്പാക്കാനാകാത്ത പരാതികൾ ഉപഭോക്തൃ പരാതി പരിഹാര ഫോറം പരിഗണിക്കും. നിലവിലെ 3 പരാതി പരിഹാര ഫോറങ്ങൾക്കു പുറമേ പുതിയ ഒരു ഫോറം കൂടി രൂപീകരിക്കാനും നിർദേശമുണ്ട്. 

വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട് ഉപയോക്താക്കൾക്കു ബോധവൽക്കരണം നൽകാൻ റെഗുലേറ്ററി കമ്മിഷനു കീഴിൽ കൺസ്യൂമർ അഡ്വക്കസി സെൽ രൂപീകരിക്കും. ഇവർക്കു കമ്മിഷൻ സിറ്റിങ്ങുകളിൽ ഉപയോക്താക്കളുടെ ആവശ്യങ്ങൾ അവതരിപ്പിക്കാനും ഉപയോക്താക്കൾക്കു വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കാനുമുള്ള പരിശീലനം നൽകും. 

ഉപഭോക്തൃ പരാതി പരിഹാര ഫോറത്തിൽ പരാതി നൽകാൻ 6 മാസത്തിനുള്ളിൽ വെബ് പോർട്ടലോ മൊബൈൽ ആപ്ലിക്കേഷനോ ഏർപ്പെടുത്തണം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മാസത്തിൽ ഒരു ദിവസമെങ്കിലും ഫോറം സിറ്റിങ് നടത്തണം.

English Summary:

Electricity: comprehensive mechanism for grievance redressal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT