ADVERTISEMENT

കൊച്ചി ∙ തൃശൂർ കരുവന്നൂർ ബാങ്ക് കള്ളപ്പണം വെളുപ്പിക്കൽ കേസിലെ മുഖ്യപ്രതി പി.സതീഷ്കുമാർ രാഷ്ട്രീയ നേതാക്കൾ, പൊലീസ് ഉദ്യോഗസ്ഥർ, വ്യാപാര സംഘടനാ നേതാക്കൾ എന്നിവരുടെ ബെനാമിയാണെന്നു കേസിലെ മുഖ്യസാക്ഷികളിൽ ഒരാളായ ഇടനിലക്കാരൻ കെ.എ.ജിജോറിന്റെ മൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കോടതിയിൽ ബോധിപ്പിച്ചു.

കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പി.സതീഷ്കുമാറിന്റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടാണ് ഇ.ഡി. പ്രതിയുടെ ഉന്നതബന്ധങ്ങൾ കോടതിയുടെ ശ്രദ്ധയിൽപെടുത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള (പിഎംഎൽഎ) പ്രത്യേക കോടതിയാണു പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

സിപിഎം നേതാക്കളായ മുൻ മന്ത്രി എ.സി.മൊയ്തീൻ, കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ.കണ്ണൻ, കോൺഗ്രസ് ജില്ലാ കമ്മിറ്റി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്, വ്യാപാര സംഘടനാ നേതാവ് ബിന്നി ഇമ്മട്ടി, റിട്ട. എസ്പി കെ.എം.ആന്റണി, ഡിവൈഎസ്പിമാരാ‍‍യ ഫെയ്മസ് വർഗീസ്, വേണുഗോപാൽ എന്നിവരുടെ ബെനാമി പണം പി.സതീഷ്കുമാറിന്റെ പക്കലുണ്ടെന്നാണു ജിജോറിന്റെ മൊഴി. 

നൂറു രൂപയ്ക്കു 3 രൂപ പലിശ നിരക്കിൽ ഇവരിൽനിന്നു വാങ്ങുന്ന ബെനാമി നിക്ഷേപം നൂറിനു പത്തു രൂപ നിരക്കിലാണു സതീഷ്കുമാർ മറ്റുള്ളവർക്കു പലിശയ്ക്കു നൽകിയിരുന്നതെന്നും മൊഴിയിൽ പറയുന്നുണ്ട്. സതീഷ്കുമാറിന്റെ പല വഴിവിട്ട സാമ്പത്തിക ഇടപാടുകൾക്കും മുൻ ഡിഐജി എസ്.സുരേന്ദ്രൻ ഇടനിലക്കാരനും തർക്കങ്ങളിൽ മധ്യസ്ഥനുമായി ഇടപെട്ടു കമ്മിഷൻ വാങ്ങിയിരുന്നതായി ജിജോറിന്റെ മൊഴിയിലുണ്ട്.

ജിജോറിന്റെ മൊഴികൾ സാധൂകരിച്ച് രണ്ടു പ്രതികൾ മജിസ്ട്രേട്ട് മുൻപാകെ നൽകിയ രഹസ്യമൊഴികളുടെ പകർപ്പും മുദ്രവച്ച കവറിൽ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. ഈ രണ്ടു പ്രതികളെ കേസിൽ മാപ്പുസാക്ഷികളാക്കാനുള്ള നിയമോപദേശവും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും തൃശൂർ ജില്ലാ സെക്രട്ടറിയുമായ എം.എം.വർഗീസിനെ 24നു ചോദ്യംചെയ്യാൻ‌ വിളിപ്പിച്ചിട്ടുള്ളത്. വ്യാപാര സംഘടനാ നേതാവ് ബിന്നി ഇമ്മട്ടിയെയും ഇ.ഡി. ചോദ്യംചെയ്യും. 

വിശദമായ വാദം കേട്ട പിഎംഎൽഎ പ്രത്യേക കോടതി കേസ് വീണ്ടും 27നു പരിഗണിക്കും. റിമാൻഡിൽ കഴിയുന്ന 4 പ്രതികൾക്കു പുറമേ കൂടുതൽ പേരെ പ്രതിചേർത്ത് ഇ.ഡി. പ്രതിപ്പട്ടിക പുതുക്കി അനുബന്ധ കുറ്റപത്രം സമർപ്പിക്കും. പി.സതീഷ്കുമാറിനു പുറമേ സിപിഎം പ്രാദേശിക നേതാവും വടക്കാഞ്ചേരി നഗരസഭ സ്ഥിരംസമിതി അധ്യക്ഷനുമായ പി.ആർ.അരവിന്ദാക്ഷൻ, ഇടനിലക്കാരൻ പി.പി.കിരൺ, മുൻ അക്കൗണ്ടന്റ് സി.കെ.ജിൽസ് എന്നിവരാണു ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നത്.

English Summary:

Karuvannur Bank Scam: Deatils of ED's Affidavit in Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT