കെഎസ്ആർടിസി വീണ്ടും കാക്കിയിലേക്ക്
Mail This Article
തിരുവനന്തപുരം∙ കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം വീണ്ടും കാക്കിയിലേക്ക്.നിലവിൽ കെഎസ്ആർടിസി ബസിലെ ഡ്രൈവർക്കും കണ്ടക്ടർക്കും നേവി ബ്ലൂ നിറത്തിലുള്ള പാന്റ്സും സ്കൈ ബ്ലൂ ഷർട്ടുമാണ് വേഷം; വനിതാ ജീവനക്കാർക്ക് നേവി ബ്ലൂ പാന്റ്സും സ്കൈ ബ്ലൂ ഷർട്ട്/ ചുരിദാറും.
ഇനി പുരുഷ ഡ്രൈവർമാരും കണ്ടക്ടർമാരും കാക്കി നിറത്തിലുള്ള പാന്റ്സും ഒരു പോക്കറ്റുള്ള ഹാഫ് സ്ലീവ് ഷർട്ടും ധരിക്കണം. പോക്കറ്റിൽ കെഎസ്ആർടിസി എംബ്ലം പതിക്കണം. വനിതാ ജീവനക്കാർക്ക് കാക്കി നിറത്തിലുള്ള ചുരിദാറും സ്ലീവ്‌ലെസ് ഓവർകോട്ടും. പെൻ നമ്പർ രേഖപ്പെടുത്തിയ നെയിം ബോർഡ് ധരിക്കണം.
സ്റ്റേഷൻ മാസ്റ്റർ, വെഹിക്കിൾ സൂപ്പർവൈസർ, ചാർജ്മാൻ എന്നിവർക്ക് കാക്കി പാന്റ്സും ഹാഫ് സ്ലീവ് ഷർട്ടും. നെയിം ബോർഡും ഷോൾഡർ ഫ്ലാപ്പിൽ കാറ്റഗറിയും രേഖപ്പെടുത്തണം. ഇൻസ്പെക്ടർമാർ കാക്കി സഫാരി സ്യൂട്ടും കോർപറേഷന്റെ എംബ്ലവും പേരും തസ്തികയും രേഖപ്പെടുത്തിയ ബോർഡും ധരിക്കണം. മെക്കാനിക്, പമ്പ് ഓപ്പറേറ്റർ, ടയർ ഇൻസ്പെക്ടർ, ടയർ റീട്രെഡർ, സ്റ്റോർ സ്റ്റാഫ് എന്നിവർക്ക് നേവി ബ്ലൂ പാന്റ്സും ഷർട്ടും. വനിതകൾക്ക് നേവി ബ്ലൂ സാരിയും ബ്ലൗസും ചുരിദാറും. പ്യൂൺ വിഭാഗം ജീവനക്കാരെ യൂണിഫോം ധരിക്കുന്നതിൽനിന്ന് ഒഴിവാക്കി. ഒരു ജീവനക്കാരന് 2 ജോഡി യൂണിഫോം അനുവദിക്കും. യൂണിഫോമിൽ ഭേദഗതി വരുത്തിയിട്ടില്ലാത്ത വിഭാഗങ്ങൾ നിലവിലെ യൂണിഫോം പാറ്റേൺ തുടരണം.