നവകേരള സദസ്സ് പ്രഭാത ചർച്ചയിൽ മുഖ്യമന്ത്രിക്കൊപ്പം ലീഗ് നേതാവ്; വിവാദം

Mail This Article
കാസർകോട് ∙ നവകേരള സദസ്സിന്റെ ഭാഗമായി ക്ഷണിക്കപ്പെട്ട അതിഥികൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രഭാത ചർച്ചയിൽ മുസ്‌ലിം ലീഗ് നേതാവ് പങ്കെടുത്തതു വിവാദത്തിൽ. മുസ്‍ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗവും ചെങ്കള പഞ്ചായത്തിലെ വാർഡ് പ്രസിഡന്റും വ്യവസായിയുമായ എൻ.എ.അബൂബക്കറാണ് 28 അതിഥികളിലൊരാളായി പങ്കെടുത്തത്.
മുസ്‌ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം നവകേരള സദസ്സിൽ എത്തിയതു പോലെയുള്ള കാര്യങ്ങൾ ഇനിയും ശക്തിപ്പെടുമെന്നും പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്ത മുസ്‌ലിം ലീഗ് എംഎൽഎമാർ വലിയ മാനസിക സംഘർഷത്തിലാണെന്നും പിന്നീട് മാധ്യമപ്രവർത്തകരോട് മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാനഗർ-നായന്മാർമൂല വരെ വീതികൂടിയ സർവീസ് റോഡുകളും ഫ്ലൈഓവറും ആവശ്യമാണെന്ന കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്താനാണ് പങ്കെടുത്തതെന്നും രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും എൻ.എ.അബൂബക്കർ പറഞ്ഞു.
അതേസമയം, അബൂബക്കറിന് നിലവിൽ പാർട്ടിയിൽ ഔദ്യോഗിക ഭാരവാഹിത്വമില്ലെന്നും നവകേരള സദസ്സിൽ പങ്കെടുക്കരുതെന്നാണ് ലീഗിന്റെയും യുഡിഎഫിന്റെയും പ്രഖ്യാപിത നിലപാടെന്നും അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം എന്നിവർ പറഞ്ഞു.
എന്നാൽ, താൻ സംസ്ഥാന കൗൺസിൽ യോഗത്തിൽ പങ്കെടുത്തിട്ടുള്ള പ്രവർത്തകനാണെന്നും ഇപ്പോൾ മാറ്റിയതായി അറിയില്ലെന്നും എൻ.എ.അബൂബക്കർ പറഞ്ഞു. അബൂബക്കറിനോട് വിശദീകരണം തേടുമെന്ന് ലീഗ് ജില്ലാ നേതൃത്വം വ്യക്തമാക്കി.
യുഡിഎഫ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റും പങ്കെടുത്തു
യുഡിഎഫ് ഭരിക്കുന്ന ഹൊസ്ദുർഗ് സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ഇ.കെ.കെ.പടന്നക്കാടും ഇന്നലെ കാഞ്ഞങ്ങാട്ടു നടന്ന നവകേരള സദസിനെത്തി. മുസ്‌ലിം ലീഗ് പ്രതിനിധിയായാണ് അദ്ദേഹം ബാങ്ക് ഭരണസമിതിയിലെത്തിയത്. എന്നാൽ, അദ്ദേഹം മുസ്‌ലിം ലീഗ് അംഗത്വം പുതുക്കിയില്ലെന്നും ബാങ്ക് ഭരണസമിതിയുടെ കാലാവധി ഈ മാസം തീരുമെന്നും ലീഗ് വൃത്തങ്ങൾ പറഞ്ഞു.
എൽഡിഎഫിനൊപ്പം സഹകരിച്ചു പ്രവർത്തിക്കാനാണ് തന്റെ തീരുമാനമെന്നും 2 വർഷമായി ലീഗുമായി സഹകരിക്കാറില്ലെന്നും ഇ.കെ.കെ.പടന്നക്കാട് പറഞ്ഞു. ഐഎൻഎൽ നേതാവും കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലറുമായിരുന്ന ഇ.കെ.കെ. പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്നാണു ലീഗിലെത്തിയത്.