നവകേരള സദസ്സ്: അപേക്ഷകളിൽ തീർപ്പ് പരാതി പരിഹാര സെൽ മാതൃകയിൽ
Mail This Article
തിരുവനന്തപുരം ∙ നവകേരള സദസ്സിൽ ലഭിക്കുന്ന പരാതികളും അപേക്ഷകളും തീർപ്പാക്കുന്നത് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ ലഭിക്കുന്ന അപേക്ഷകളുടെ അതേ മാതൃകയിൽ.
സദസ്സ് നടക്കുന്ന സ്ഥലങ്ങളിൽ ജനങ്ങളിൽ നിന്നു വിവിധ കൗണ്ടറുകൾ വഴി പരാതി സ്വീകരിക്കുന്നത് റവന്യു വകുപ്പ് ഉദ്യോഗസ്ഥരാണ്. ഫോൺ നമ്പറും പരാതിയിൽ രേഖപ്പെടുത്തിയ ശേഷം അതതു വകുപ്പുകൾക്കു കൈമാറും. www.navakeralasadas.kerala.gov.in എന്ന വെബ്സൈറ്റിലേക്കാണ് വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നത്. നിവേദനങ്ങളുടെയും പരാതികളുടെയും തൽസ്ഥിതി ഈ വെബ്സൈറ്റിൽ നിന്ന് അറിയാം.
രസീത് നമ്പറോ പരാതിയിലുള്ള മൊബൈൽ നമ്പറോ നൽകിയാൽ മതി. പരാതികളിൽ രണ്ടാഴ്ചയ്ക്കകവും കൂടുതൽ നടപടിക്രമം ആവശ്യമെങ്കിൽ പരമാവധി നാലാഴ്ചയ്ക്കകവും ജില്ലാതല ഉദ്യോഗസ്ഥർ തീരുമാനമെടുക്കും. സംസ്ഥാനതലത്തിൽ തീരുമാനമെടുക്കേണ്ടവ 45 ദിവസത്തിനകം തീർപ്പാക്കും. അപേക്ഷകർക്ക് ഇടക്കാല മറുപടിയും ലഭിക്കും.
മന്ത്രിമാർക്കു നേരിട്ടു ലഭിക്കുന്ന പരാതികളിൽ മന്ത്രി ഓഫിസ് വഴി മറുപടി അയയ്ക്കും.
തദ്ദേശ സ്ഥാപനങ്ങൾക്ക് 25 വരെ പദ്ധതി സമർപ്പിക്കാം
തിരുവനന്തപുരം ∙ തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതി ചെയ്തു ജില്ലാ ആസൂത്രണ സമിതികൾക്കു സമർപ്പിക്കാൻ 25 വരെ സമയം അനുവദിച്ചു. 15 ആണ് നേരത്തേ നിശ്ചയിച്ചിരുന്ന തീയതി. നവകേരള സദസ്സിന്റെ സംഘാടനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലായതിനാലും അവസാന തീയതികളിൽ സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടതിനാലും സമയം നീട്ടി നൽകണമെന്നു കേരള ഗ്രാമപ്പഞ്ചായത്ത് അസോസിയേഷൻ അഭ്യർഥിച്ചിരുന്നു.