യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ്:പരാതിക്കാരന്റെമൊഴി രേഖപ്പെടുത്തി

Mail This Article
മൂവാറ്റുപുഴ∙ വോട്ടേഴ്സ് ഐഡി കാർഡ് വ്യാജമായി തയാറാക്കി യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പിലെ വോട്ടേഴ്സ് ലിസ്റ്റിൽ പേരു ചേർക്കുകയും വോട്ടു ചെയ്യുകയും ചെയ്തു എന്ന പരാതിയിൽ പൊലീസ് പരാതിക്കാരനെ വിളിച്ചുവരുത്തി വിശദമായ മൊഴി രേഖപ്പെടുത്തി. പായിപ്ര പത്താരിമറ്റത്തിൽ ജുവൈസ് മുഹമ്മദിൽ നിന്നാണു മൊഴി എടുത്തത്. ജുവൈസ് മുഹമ്മദിന്റെ പേരിലാണു വ്യാജ വോട്ടേഴ്സ് ഐഡി കാർഡ് തയാറാക്കി യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പിന്റെ വോട്ടേഴ്സ് ലിസ്റ്റിൽ പേരു ചേർത്ത് വോട്ടു ചെയ്തിരിക്കുന്നത്.
മുൻപ് യൂത്ത് കോൺഗ്രസ് ഭാരവാഹിയായിരുന്നെന്നും കഴിഞ്ഞ കുറെ കാലങ്ങളായി സംഘടനയിൽ സജീവമായിരുന്നില്ലെന്നും അംഗത്വവും പുതുക്കിയിരുന്നില്ലെന്നുമാണു ജുവനൈൽ പൊലീസിനു മൊഴി നൽകിയിരിക്കുന്നത്. സംഘടന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സുഹൃത്ത് വോട്ട് ചെയ്യണം എന്നാവശ്യപ്പെട്ടിരുന്നെങ്കിലും സംഘടന തിരഞ്ഞെടുപ്പിലെ രീതികളോടു വിയോജിപ്പുണ്ടായിരുന്നതിനാൽ അംഗത്വം പുതുക്കാനും വോട്ട് ചെയ്യാനും ഉദ്ദേശിക്കുന്നില്ലെന്നു വ്യക്തമാക്കിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിനു ശേഷം സുഹൃത്ത് വിളിച്ചു പരാതി പറഞ്ഞപ്പോഴാണു തന്റെ പേര് ലിസ്റ്റിൽ ചേർത്തു വോട്ടു ചെയ്ത വിവരം അറിഞ്ഞതെന്നും ജുവൈസ് പൊലീസിനു മൊഴി നൽകി.