തകഴിയിലെ കർഷകന്റെ ആത്മഹത്യ; കാരണം കണ്ടെത്താൻ അന്വേഷണം വേണമെന്നു കൃഷിവകുപ്പ്

Mail This Article
ആലപ്പുഴ∙ തകഴി കുന്നുമ്മയിലെ നെൽകർഷകൻ കെ.ജി.പ്രസാദിന്റെ ആത്മഹത്യയുടെ കാരണത്തെപ്പറ്റി കൂടുതൽ അന്വേഷിക്കേണ്ടതുണ്ടെന്നു കാണിച്ചു കൃഷിവകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട് മന്ത്രി പി. പ്രസാദ് മുഖ്യമന്ത്രിക്കു കൈമാറി. മന്ത്രിയുടെയും കലക്ടറുടെയും നിർദേശപ്രകാരം പ്രിൻസിപ്പൽ കൃഷി ഓഫിസറാണു റിപ്പോർട്ട് നൽകിയത്.
പിആർഎസ് വായ്പത്തുക കിട്ടാത്തതോ ബാങ്കുകളുടെ തടസ്സമോ അല്ല കാരണമെന്നാണു റിപ്പോർട്ടിലെ കണ്ടെത്തൽ. മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നു വ്യക്തമാകാനുണ്ടെന്നു മന്ത്രി പറഞ്ഞു. പ്രസാദിന്റെ ആത്മഹത്യക്കുറിപ്പിലും സുഹൃത്തുമായുള്ള ഫോൺ സംഭാഷണത്തിലും സർക്കാരിനെയും ബാങ്കുകളെയും കുറ്റപ്പെടുത്തിയിരുന്നു. അതു ശരിയല്ലെന്നാണു മനസ്സിലാകുന്നതെന്നു മന്ത്രി പറഞ്ഞു.
ഇതു കർഷക ആത്മഹത്യയായി കണക്കാക്കാമോ എന്നത് ഈ ഘട്ടത്തിലല്ല പറയേണ്ടത്. റവന്യു വകുപ്പിന്റെ പരിശോധനയിലൂടെ കണ്ടെത്തണം. അതനുസരിച്ചാണു സർക്കാർ സഹായം തീരുമാനിക്കുന്നത്. കുടുംബത്തെ സഹായിക്കാൻ കഴിയുമോ എന്നു സർക്കാർ പരിശോധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കർഷകനായ താൻ പരാജയപ്പെട്ടു പോയെന്നു കുറിപ്പും വിഡിയോയും തയാറാക്കി വച്ചാണു പ്രസാദ് ജീവനൊടുക്കിയത്. കൃഷിയിറക്കാൻ വായ്പ തേടി ബാങ്കുകളെയെല്ലാം സമീപിച്ചെന്നും ആരും നൽകിയില്ലെന്നും സർക്കാരും ബാങ്കുകളുമാണു മരണത്തിന് ഉത്തരവാദികളെന്നും ആത്മഹത്യക്കുറിപ്പിൽ ഉണ്ടായിരുന്നു. പ്രസാദിന്റെ കുടുംബത്തിനു സർക്കാർ സഹായം ലഭിക്കണമെങ്കിൽ കർഷക ആത്മഹത്യയാണെന്ന റിപ്പോർട്ട് ആവശ്യമാണ്. വിഷയം മന്ത്രിസഭ ചർച്ച ചെയ്യുകയും വേണം.