കേരള ബാങ്ക് പദവി മുന്നണിമാറ്റമായി വ്യാഖ്യാനിക്കേണ്ടതില്ലെന്ന് ലീഗ് നേതൃത്വം
Mail This Article
മലപ്പുറം ∙ പാർട്ടി എംഎൽഎ പി.അബ്ദുൽ ഹമീദിനെ സർക്കാർ കേരള ബാങ്ക് ഡയറക്ടറായി നാമനിർദേശം ചെയ്തതുമായി ബന്ധപ്പെട്ട വിവാദം മുന്നണിമാറ്റ ചർച്ചകളിലെത്തിനിൽക്കെ രംഗം തണുപ്പിക്കാൻ ലീഗ് നേതൃത്വത്തിന്റെ ശ്രമം. മുസ്‌ലിം ലീഗ് യുഡിഎഫിന്റെ നെടുംതൂണാണെന്നും കേരള ബാങ്ക് പദവിയെ മുന്നണി മാറ്റമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി.
കാസർകോട് നവകേരള സദസ്സിൽ പങ്കെടുത്ത എൻ.എ.അബൂബക്കർ പാർട്ടി ഭാരവാഹിത്വം വഹിക്കുന്നില്ലെന്ന് നേതാക്കൾ ആവർത്തിച്ചു. നവകേരള സദസ്സിൽ പങ്കെടുക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നും അറിയിച്ചു. അതേസമയം, അബ്ദുൽ ഹമീദിന്റെ സഹകരണ ബാങ്ക് ഡയറക്ടർ സ്ഥാനവുമായി ബന്ധപ്പെട്ട് ലീഗിലെ അസ്വാരസ്യം തുടരുന്നു. പരപ്പനങ്ങാടിയിൽ സ്വകാര്യ ചടങ്ങിനെത്തിയ അബ്ദുൽ ഹമീദിനെതിരെ ലീഗ് പ്രവർത്തകർ പ്രതിഷേധമുയർത്തി.
കേരള ബാങ്ക് ഡയറക്ടർ പദവിയേറ്റെടുത്തതിൽ പുനരാലോചനയില്ലെന്ന നിലപാടിൽ ലീഗ് ഉറച്ചുനിൽക്കുകയാണ്. അബ്ദുൽ ഹമീദിന്റെ നാമനിർദേശവുമായി ബന്ധപ്പെട്ട് മുന്നണിയിലും പാർട്ടിയിലും നിലനിൽക്കുന്ന അസ്വസ്ഥതകൾ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലീഗ് നേതൃത്വം മുന്നണി മാറ്റ ചർച്ചകളെ പൂർണമായി തള്ളിയത്. വയനാട്ടിൽ നടന്ന ജില്ലാ കൗൺസിൽ ക്യാംപിലായിരുന്നു സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും നയം വ്യക്തമാക്കിയത്.
നവകേരള സദസ്സിൽ പങ്കെടുക്കില്ലെന്ന ലീഗ് നിലപാടിൽ മാറ്റമില്ലെന്നും അതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും നേതാക്കൾ പറയുന്നു. എൻ.എ.അബൂബക്കർ കാസർകോട് പങ്കെടുത്തതുമായി ബന്ധപ്പെട്ട റിപ്പോർട്ട് നൽകാൻ ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നടപടിയുണ്ടാകുമെന്നാണ് സൂചന.
അതിനിടെ, അബ്ദുൽ ഹമീദിനെ ഡയറക്ടറാക്കിയ നടപടിയെ സ്വാഗതം ചെയ്ത് കേരള ബാങ്കിലെ കോൺഗ്രസ് അനുകൂല സംഘടനയായ കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ജില്ലാ കമ്മിറ്റി രംഗത്തെത്തി. ജില്ലയിലെ ഭൂരിഭാഗം വരുന്ന യുഡിഎഫ് സഹകരണ സംഘങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഹമീദിന്റെ ഡയറക്ടർ പദവി ഗുണം ചെയ്യുമെന്നും സംഘടന പറയുന്നു. ലീഗിന്റെ നിലപാടിനോടു ചേർന്നുപോകുന്ന അഭിപ്രായമാണിത്.
‘മുന്നണിമാറ്റം എന്ന പേരിൽ ആരെങ്കിലും വല്ല വെള്ളവും അടുപ്പത്ത് വച്ചിട്ടുണ്ടെങ്കിൽ ആ അടുപ്പിൽ തീ കത്താൻ പോകുന്നില്ല. മുന്നണി മാറണമെങ്കിൽ ബാങ്കിന്റെ വാതിലിൽക്കൂടി ഉള്ളിൽ കടക്കേണ്ട കാര്യം ലീഗിനില്ല’ – പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.