മോട്ടർ വാഹനനിയമം പാലിച്ചേ തീരൂ; ടൂറിസ്റ്റ് ബസുകളെ പിടിക്കാൻ മോട്ടർ വാഹനവകുപ്പ്

Mail This Article
തിരുവനന്തപുരം ∙ റോബിൻ ബസിനു പിന്നാലെ നിയമം അട്ടിമറിച്ച് സർവീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരെ (കോൺട്രാക്ട് കാര്യേജ്) നടപടിക്കു മോട്ടർ വാഹനവകുപ്പ് നിർദേശം നൽകി. സമൂഹമാധ്യമങ്ങളിലും മറ്റും പരസ്യം നൽകുന്നവർക്കെതിരെയാകും നടപടി. 2023 മേയിൽ നിലവിൽ വന്ന പുതിയ കേന്ദ്രചട്ടപ്രകാരം കോൺട്രാക്ട് കാര്യേജ് ബസുകൾക്കു സാധാരണ സ്വകാര്യ ബസുകളെപ്പോലെ (സ്റ്റേജ് കാര്യേജ്) സർവീസ് നടത്താമെന്ന റോബിൻ ബസുടമയുടെ വാദം നിയമപരമല്ലെന്നു മോട്ടർ വാഹന ഉദ്യോഗസ്ഥർ വാദിക്കുന്നു.
കോൺട്രാക്ട് കാര്യേജിന്റെ വ്യവസ്ഥകൾ കേന്ദ്ര മോട്ടർ വാഹന നിയമത്തിൽ (1988) വ്യക്തമായി പറഞ്ഞിട്ടുണ്ട്. വിവാഹ, വിനോദ, തീർഥാടന, പഠന യാത്രകൾ പോലെ യാത്രക്കാർക്കെല്ലാം ഒരേ ലക്ഷ്യമായിരിക്കണം. ഇങ്ങനെ കോൺട്രാക്ടിൽ ഏർപ്പെട്ടിട്ടുള്ളവരല്ലാതെ ആരെയും യാത്ര തുടങ്ങുമ്പോഴോ ഇടയ്ക്കുവച്ചോ കയറ്റരുത്. ഇതു ലംഘിക്കുന്നത് കെഎസ്ആർടിസിയെയും ആയിരക്കണക്കിനു സ്വകാര്യബസുകളെയും (സ്റ്റേജ് കാര്യേജ്) ബാധിക്കും.