നവകേരള സദസ്സിൽ പങ്കെടുത്ത് സേവാദൾ ജില്ലാ ചെയർമാൻ

Mail This Article
കാസർകോട് ∙ നവകേരള സദസ്സ് ബഹിഷ്കരിക്കാനുള്ള യുഡിഎഫ് തീരുമാനം ലംഘിച്ച് സേവാദൾ കാസർകോട് ജില്ലാ ചെയർമാൻ പങ്കെടുത്തു. നാടൻ കലാ അക്കാദമി അവാർഡ് ജേതാവായ ചെറുവത്തൂരിലെ എം.വി.ഉദ്ദേശ്കുമാറിനെ ചെറുവത്തൂർ പഞ്ചായത്ത് അധികൃതർ കാലിക്കടവിൽ നടന്ന തൃക്കരിപ്പൂർ മണ്ഡലം നവകേരള സദസ്സിലെ വിശിഷ്ടാതിഥികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
പാർട്ടി തീരുമാനം ലംഘിച്ച് പരിപാടിയിൽ പങ്കെടുത്ത ഉദ്ദേശ്കുമാറിനെ കെപിസിസി പ്രസിഡന്റിന്റെ നിർദേശപ്രകാരം സ്ഥാനത്തുനിന്ന് നീക്കിയതായി സേവാദൾ സംസ്ഥാന ചെയർമാൻ രമേശൻ കരുവാച്ചേരി പറഞ്ഞു. താൻ കലാകാരനാണെന്നും കലയും രാഷ്ട്രീയവും വെവ്വേറെയാണെന്നും ഉദ്ദേശ്കുമാർ പ്രതികരിച്ചു.
∙ സർക്കാരിന്റെ അഴിമതി മറച്ചുവയ്ക്കാനുള്ള അശ്ലീല നാടകമാണു നവകേരള സദസ്സ്. മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമെന്നാണു പറഞ്ഞിരുന്നത്. ജനങ്ങളെ ഉപേക്ഷിച്ചു പൗരപ്രമുഖരുമായാണു കൂടിക്കാഴ്ച. മുഖ്യമന്ത്രിയും മന്ത്രിമാരും പൗരപ്രമുഖരോട് സംസാരിക്കുകയും ജനങ്ങളോട് ആകാശവാണിയാവുകയും ചെയ്യുന്ന കാഴ്ചയാണ്. താലൂക്കുതലത്തിൽ മന്ത്രിമാർ പങ്കെടുത്ത അദാലത്തുകൾ നടന്നിരുന്നു. അന്നു ലഭിച്ച പരാതികളിൽ ഒരെണ്ണെത്തിനെങ്കിലും പരിഹാരം ഉണ്ടാക്കിയതായി അറിയിച്ചിട്ടില്ല. 5 മാസം മുൻപു വാങ്ങിവച്ച പരാതികൾ തന്നെയാണ് ഇപ്പോഴും വാങ്ങുന്നത്. - വി.ഡി.സതീശൻ, പ്രതിപക്ഷ നേതാവ്
∙ മുഖ്യമന്ത്രി ഉൾപ്പെടെ 21 മന്ത്രിമാർക്കു നവകേരള സദസ്സിനായി സഞ്ചരിക്കാൻ ആകെ 12.6 ലക്ഷം രൂപ മതിയെന്നിരിക്കെയാണ് 1.05 കോടി രൂപ മുടക്കി കാരവൻ വാങ്ങി സഞ്ചരിക്കുന്നത്. തിരുവനന്തപുരത്തുനിന്നു കാസർകോട് വരെ 750 കിലോമീറ്ററാണ്. 140 നിയോജകമണ്ഡലങ്ങളിലായി ആകെ 3000 കിലോമീറ്റർ സഞ്ചരിക്കേണ്ടിവരും. ഇപ്പോഴത്തെ കാർ യാത്രയുടെ നിരക്കനുസരിച്ച് ഒരു കിലോമീറ്ററിന് 20 രൂപ കണക്കാക്കിയാൽ മുഖ്യമന്ത്രിയും 20 മന്ത്രിമാരും മൂവായിരം കിലോമീറ്റർ വെവ്വേറെ കാറിൽ സഞ്ചരിച്ചാൽ ആകെ 12.60 ലക്ഷം രൂപയേ ചെലവു വരികയുള്ളൂ. - രമേശ് ചെന്നിത്തല, കോൺഗ്രസ് നേതാവ്
∙ നവകേരള സദസ്സ് മുഖ്യമന്ത്രിക്കു വേണ്ടി നടത്തുന്ന പിആർ പരിപാടിയാണ്. യുഡിഎഫ് ബഹിഷ്കരണ തീരുമാനം മാറ്റണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. തിരുത്താനല്ല, കൂടുതൽ ശക്തിപ്പെടുത്താനാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്ന 7 ലക്ഷം ഫയലുകളിൽ തീരുമാനം എടുക്കാതെയാണ് ചീഫ് സെക്രട്ടറിയെയും ഉദ്യോഗസ്ഥരെയും നാടുനീളെ കൊണ്ടുനടക്കുന്നത്. - എം.എം.ഹസൻ, യുഡിഎഫ് കൺവീനർ
∙ നവകേരള സദസ്സ് ജനങ്ങൾ ഏറ്റെടുത്തതിലുള്ള രോഷം തീർക്കാനാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ അക്രമം അഴിച്ചുവിടുന്നത്. കരിങ്കൊടി പ്രകടനം നടത്തിയും സംഘർഷം സൃഷ്ടിച്ചും നവകേരള സദസ്സിനെ അലങ്കോലപ്പെടുത്തലാണ് ലക്ഷ്യം. - സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്