ഭൂമി തരംമാറ്റം: വേഗത്തിൽ തീർപ്പാക്കാൻ നിർദേശം
Mail This Article
തിരുവനന്തപുരം ∙ ഭൂമി തരംമാറ്റ അപേക്ഷകൾ ചട്ടപ്രകാരം വേഗത്തിൽ തീർപ്പാക്കാൻ കൃഷി മന്ത്രി പി.പ്രസാദ്, കൃഷി വകുപ്പ് ഡയറക്ടർക്കു നിർദേശം നൽകി. അപേക്ഷകൾ കുന്നുകൂടിയതും ഇവ തീർപ്പാക്കുന്നതിൽ ചില ഉദ്യോഗസ്ഥർ കാലതാമസം വരുത്തുന്നതും ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണിത്.
ഓരോ ജില്ലയിലും തീർപ്പാക്കാത്ത അപേക്ഷകൾ അടിയന്തരമായി പരിശോധിക്കണമെന്നും മന്ത്രി നിർദേശിച്ചു. ഭൂമി തരംമാറ്റുന്നതിനുള്ള അപേക്ഷകൾ കൃഷി ഓഫിസുകളിൽ കെട്ടിക്കിടക്കുന്നത് സംബന്ധിച്ച് ‘മനോരമ’ റിപ്പോർട്ട് ചെയ്തിരുന്നു. റവന്യു വകുപ്പിൽ നിന്നു തുടർപരിശോധനയ്ക്കായി കൃഷി ഓഫിസർമാർക്കു കൈമാറിയ 58,880 അപേക്ഷകളാണ് തീർപ്പാക്കാത്തത്. ഓൺലൈനായി ലഭിച്ച അപേക്ഷകളാണ് ഇതെല്ലാം.
ഏറ്റവും കൂടുതൽ അപേക്ഷകൾ കെട്ടിക്കിടക്കുന്നത് എറണാകുളത്താണ്–18,492. ഇതു തീർപ്പാക്കുന്നത് സംബന്ധിച്ച് 2 ദിവസത്തിനകം ഉന്നതതല യോഗം ചേരുമെന്നു കൃഷി വകുപ്പ് വൃത്തങ്ങൾ അറിയിച്ചു.