എടുക്ക് ‘പ്രധാനമന്ത്രിയുടെ കാർഡ്’, ഇല്ലെങ്കിൽ ഇതാ ഇടി പിടിച്ചോ...

Mail This Article
ആലത്തൂർ (പാലക്കാട്) ∙ ‘പ്രധാനമന്ത്രിയുടെ കാർഡ്’ ഒപ്പിട്ടു നൽകണമെന്നാവശ്യപ്പെട്ടു കൃഷിഭവനിലെത്തിയയാൾ കൃഷി ഓഫിസറെ മർദിച്ചു. തടയാനെത്തിയ മറ്റു ജീവനക്കാർക്കുനേരെയും കയ്യേറ്റശ്രമം ഉണ്ടായി. സംഭവത്തിൽ വാവുള്ള്യാപുരം കരിങ്കുളങ്ങര മോഹനനെ (40) പൊലീസ് അറസ്റ്റ് ചെയ്തു. തരൂർ കൃഷി ഓഫിസർ ചങ്ങനാശേരി കുറിച്ചി ‘സമുദായത്തിൽ പൗർണമി’ വീട്ടിൽ റാണി ഉണ്ണിത്താനാണു (33) മർദനമേറ്റത്.
ഇന്നലെ രാവിലെ ഓഫിസിലെത്തിയ മോഹനൻ കാർഡ് വേണമെന്ന് ആവശ്യപ്പെട്ടു. കൃഷി ഓഫിസിൽ നിന്നു കാർഡുകൾ വിതരണം ചെയ്യുന്നില്ലെന്നു പറഞ്ഞ് ഉദ്യോഗസ്ഥ മോഹനനോട് ഇരിക്കാൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ കാർഡ് ഉടൻ ഒപ്പിട്ടു നൽകണമെന്ന് ആവർത്തിച്ചപ്പോൾ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിക്കു കാർഡ് ഇല്ലെന്നും കിസാൻ ക്രെഡിറ്റ് കാർഡ് ബാങ്കിൽ നിന്നു ലഭിക്കുന്ന വായ്പയാണെന്നും കൃഷി ഓഫിസർ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. ക്ഷുഭിതനായ ഇയാൾ അസഭ്യവാക്കുകൾ പറഞ്ഞ് ഓഫിസറുടെ മൂക്കിൽ കൈ ചുരുട്ടി ഇടിച്ചു. ഉദ്യോഗസ്ഥ ചികിത്സയിലാണ്.
ക്രെഡിറ്റ് കാർഡിനും കിസാൻ സമ്മാൻ നിധിക്കും കാർഡില്ല
കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി കിസാൻ സമ്മാൻനിധിക്കും ബാങ്കുകൾ വഴി നൽകുന്ന ക്രെഡിറ്റ് കാർഡിനും പ്രത്യേകിച്ച് കാർഡ് ഇല്ല. കൃഷിഭവനുകളുമായി ഇവ നേരിട്ട് ബന്ധപ്പെടുന്നില്ല. അതേസമയം, സാങ്കേതിക കാരണങ്ങളാൽ കിസാൻ സമ്മാൻ നിധിയുടെ ഗഡുക്കൾ മുടങ്ങുമ്പോൾ കർഷകർ പ്രതിഷേധവുമായെത്തുന്നത് കൃഷിഭവനുകളിലാണ്. കർഷകരുടെ വിവിധ ആവശ്യങ്ങൾക്കു സാമ്പത്തിക പിന്തുണ നൽകാൻ ബാങ്കുകൾ വഴി നടപ്പാക്കുന്ന വായ്പാ പദ്ധതിയാണു കിസാൻ ക്രെഡിറ്റ് കാർഡ്. കർഷക കുടുംബങ്ങൾക്കു പ്രതിവർഷം 6,000 രൂപ നൽകുന്ന കേന്ദ്രപദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി.