പട്ടാപ്പകൽ 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി, 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ഫോൺ കോൾ; രേഖാചിത്രം പുറത്തുവിട്ടു
Mail This Article
ഓയൂർ (കൊല്ലം) ∙ സംസ്ഥാനത്തെ ഞെട്ടിച്ചു പട്ടാപ്പകൽ നാലംഗ സംഘം തട്ടിക്കൊണ്ടുപോയ 6 വയസ്സുകാരിക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ വൈകിട്ട് നാലരയോടെ തട്ടിയെടുക്കപ്പെട്ട ഓയൂർ കാറ്റാടി ഓട്ടുമല റെജി ഭവനിൽ റെജിയുടെ മകൾ അബിഗേൽ റെജിയെ കണ്ടെത്താൻ പുലർച്ചെയായിട്ടും കഴിഞ്ഞിട്ടില്ല. പാരിപ്പള്ളിയിലെ കടയിൽ സ്ത്രീക്കൊപ്പം എത്തിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. അപ്പൂപ്പൻപാറയിലെ ക്വാറിയിലുൾപ്പെടെ സമീപ പ്രദേശങ്ങളിലെ ക്വാറികളിലും തിരച്ചിൽ നടത്തി. വേളമാനൂരിലെ വീടുകളിലടക്കം ആളൊഴിഞ്ഞ ഇടങ്ങളിൽ പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പുലർച്ചെയും തിരച്ചിൽ തുടരുകയാണ്. അന്വേഷണത്തിന് സഹായകമായ ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ഐജി ജി. സ്പർജൻ കുമാർ അറിയിച്ചു.
കുട്ടിയെ വിട്ടുതരാൻ പണം ആവശ്യപ്പെട്ടു വീട്ടിലേക്കെത്തിയ ഫോൺ വിളികൾ മാത്രമാണ് ഏക തുമ്പ്. ആദ്യം 5 ലക്ഷം രൂപയും പിന്നീട് 10 ലക്ഷം രൂപയും ആവശ്യപ്പെട്ടാണ് അബിഗേലിന്റെ അമ്മ സിജിയുടെ ഫോണിൽ 2 തവണ കോൾ വന്നത്. ഒരു സ്ത്രീയും പുരുഷനുമാണു വിളിച്ചത്. കുട്ടി സുരക്ഷിതയാണെന്ന് വിളിച്ചവർ പറഞ്ഞു. കോളുകളുടെ ഉറവിടം പൊലീസ് അന്വേഷിക്കുന്നു. ഇതിൽ ഒരു നമ്പർ സ്വിച്ച് ഓഫ് െചയ്തിരിക്കുകയാണ്. സിജിയുടെ ഫോണിലേക്കു വന്ന കോളുകളിലൊന്ന് പാരിപ്പള്ളിയിലെ ഒരു വ്യാപാരിയുടെ നമ്പറിൽനിന്നാണ്.
സന്ധ്യയ്ക്കു പാരിപ്പള്ളി കിഴക്കനേല സ്കൂളിനടുത്തുള്ള കടയിൽ എത്തിയ സ്ത്രീയും പുരുഷനും ഇവിടെ നിന്നു തേങ്ങയും ബിസ്കറ്റും മറ്റും വാങ്ങി. കടയുടമയായ സ്ത്രീയോട് ഫോണിലെ ചാർജ് തീർന്നുപോയെന്നു പറഞ്ഞു ഫോൺ വാങ്ങി ആരെയോ വിളിച്ചു. ഓട്ടോറിക്ഷയിൽ തിരുവനന്തപുരം ജില്ലയുടെ അതിർത്തിയിലേക്കു പോയി. ഏഴേമുക്കാലോടെ പള്ളിക്കലിനടുത്തു റോഡരികിൽ ഇറങ്ങിയ ഇരുവരും നടന്നു മറയുകയായിരുന്നു. ഓട്ടോ ഡ്രൈവറെ പൊലീസ് കണ്ടെത്തി വിവരങ്ങൾ ശേഖരിച്ചു. സംസ്ഥാനമാകെ അന്വേഷണം ഊർജിതമാക്കി.
കാറിന്റെ നമ്പർ വ്യാജമാണെന്നും അത് ഇരുചക്രവാഹനത്തിന്റേതാണെന്നും സൂചനയുണ്ട്. വെളുത്ത കാറിലെത്തിയ സംഘത്തിൽ ഒരു സ്ത്രീയുണ്ടായിരുന്നെന്നാണ് അബിഗേലിനൊപ്പമുണ്ടായിരുന്ന സഹോദരൻ ജോനാഥൻ പറയുന്നത്. കുട്ടിയുമായി കേരളത്തിന്റെ അതിർത്തി കടന്നുപോയിട്ടില്ലെന്ന നിഗമനത്തിലാണു പൊലീസ്. പൊലീസ് ആസ്ഥാനത്ത് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. എഡിജിപി അജിത് കുമാറിന്റെ ഏകോപനത്തിൽ കൊല്ലം റൂറൽ എസ്പി കെ.എം.സാബു മാത്യുവാണു അന്വേഷണത്തിനു നേതൃത്വം നൽകുന്നത്. രാത്രിയോടെ കാർ കസ്റ്റഡിയിലെടുത്തതായി വിവരമുണ്ട്. പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
സ്കൂളിൽനിന്നെത്തിയതിനുശേഷം അബിഗേലും ജ്യേഷ്ഠൻ നാലാം ക്ലാസുകാരൻ ജോനാഥനും വീട്ടിൽനിന്ന് 100 മീറ്റർ അപ്പുറത്തുള്ള വീട്ടിലേക്കു ട്യൂഷനു പോകുമ്പോഴാണു സംഭവം. കാറിൽ എത്തിയവർ ഒരു നോട്ടിസ് നൽകി, അത് അമ്മയെ ഏൽപിക്കണം എന്നു പറഞ്ഞു ജോനാഥന്റെ ശ്രദ്ധയകറ്റിയ ശേഷം അബിഗേലിനെ കയ്യിൽ പിടിച്ചു കാറിലേക്കു വലിച്ചു കയറ്റുകയായിരുന്നു. ജോനാഥൻ കയ്യിലിരുന്ന വടിയെടുത്ത് തടയാൻ ശ്രമിച്ചു.
കാർ നീങ്ങിയപ്പോൾ ജോനാഥൻ ഡോറിൽ തൂങ്ങിക്കിടന്നു. കാറിലുള്ളവർ ജോനാഥാന്റെ കൈ തട്ടിയകറ്റി. റോഡിലേക്കു വീണ ജോനാഥന്റെ മുട്ടിനു പരുക്കേറ്റു. അങ്കണവാടി അധ്യാപികയായ സുനു സോമരാജൻ ഇതുകണ്ട് ഓടിയെത്തിയപ്പോഴേക്കും കാർ വിട്ടു പോയിരുന്നു. ജോനാഥന്റെ കരച്ചിൽ കേട്ടു പുറത്തിറങ്ങിയ അയൽവാസികൾ അന്വേഷിച്ചപ്പോഴാണു കുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോയെന്നു നാട്ടുകാർക്കു മനസ്സിലായത്.
തട്ടിക്കൊണ്ടു പോയെന്നു കരുതുന്ന കാർ കുറഞ്ഞത് 5 ദിവസമായി ഇവരുടെ വീടിനു സമീപത്തുണ്ടായിരുന്നെന്നാണ് ജോനാഥനും നാട്ടുകാരിൽ ചിലരും പറയുന്നത്. ആ കാറിനെ പേടിയോടെയാണ് കുട്ടികൾ നോക്കിയത്. അതുകൊണ്ട് വടിയെടുത്തു കൊണ്ടാണ് ഇരുവരും കാറിനെ സമീപിച്ചതെന്നു ജോനാഥൻ പറഞ്ഞു. അബിഗേലിന്റെ പിതാവ് റെജിയും അമ്മ സിജിയും നഴ്സുമാരാണ്. വീട്ടിൽ റെജിയുടെ പിതാവ് ജോണും മാതാവ് ലില്ലിക്കുട്ടിയുമുണ്ട്. പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തിയ ഡിഐജി നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാത്രി ഒന്നരയോടെ റെജിയെ വിളിച്ചുവരുത്തി വിശദമായ മൊഴിയെടുത്തു. ഐജി ജി. സ്പർജൻ കുമാറും സ്ഥലത്തെത്തി.
വിവരം ലഭിക്കുന്നവർ പൊലീസിനെ വിളിക്കേണ്ട നമ്പറുകൾ:
∙ 99469 23282
∙ 94955 78999
∙ 112