സംഘാടക സമിതിയുടെ വീഴ്ച; നികിത ഗാന്ധിയുടെ ഗാനമേളയെന്ന് സർവകലാശാലയെ അറിയിച്ചില്ല

Mail This Article
കളമശേരി ∙കുസാറ്റ് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ 25ന് നികിത ഗാന്ധിയെപ്പോലെ പുറമേ നിന്നുളള സെലിബ്രിറ്റിയുടെ മ്യൂസിക്കൽ പ്രോഗാമാണ് നടക്കാൻ പോകുന്നതെന്നു സംഘാടകസമിതി സർവകലാശാലയെ അറിയിച്ചിരുന്നില്ലെന്നു സർവകലാശാലയുടെ ഒൗദ്യോഗിക വിശദീകരണം. പരിപാടി നടക്കുന്നതിന്റെ തലേന്നു നൽകിയ കത്തിൽ പോലും പ്രിൻസിപ്പൽ ഇക്കാര്യം പറഞ്ഞിരുന്നില്ലെന്നും അത്തരമൊരു അറിയിപ്പ് സംഘാടകസമിതി ഔദ്യോഗികമായി നൽകിയിരുന്നെങ്കിൽ നിലവിലുള്ള നിബന്ധനകൾക്ക് വിരുദ്ധമായതിനാൽ അനുമതി നൽകുമായിരുന്നില്ലെന്നും സർവകലാശാല അറിയിച്ചു.
സാധാരണയായി ചെയ്യാറുള്ളതുപോലെ സർവകലാശാലയ്ക്ക് സംഘാടക സമിതി നൽകിയിരുന്ന പ്രോഗ്രാം നോട്ടിസ് വിവരങ്ങൾ സെക്യൂരിറ്റി ഓഫിസർ വഴി പൊലീസ് സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നു. സാധാരണ ഒരുക്കാറുള്ള സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചിരുന്നു. സംഘാടക സമിതി നിയോഗിച്ച വിദ്യാർഥി വൊളന്റിയർമാരാണ് ഓഡിറ്റോറിയത്തിലേയ്ക്കുള്ള പ്രവേശനം നിയന്ത്രിച്ചിരുന്നത്.
പൊലീസിന്റെയും സർവകലാശാല സെക്യൂരിറ്റി വിഭാഗത്തിന്റെയും സാന്നിധ്യം ദൃശ്യങ്ങളിൽ നിന്നു വ്യക്തമാണ്. നിലവിലെ നിബന്ധന പ്രകാരം പുറമേ നിന്നുളള ഗാനമേളകളോ പ്രഫഷനൽ ഗാനമേളകളോ നടത്താൻ പാടില്ല എന്നുള്ളതാണ്. അധ്യാപകരുടെ മേൽനോട്ടത്തിലായിരിക്കണം പരിപാടികൾ നടത്തേണ്ടതെന്നും നിർദേശം നൽകിയിട്ടുണ്ട്. നികിതയുടെ ഗാനമേളയെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നു സർവകലാശാല വ്യക്തമാക്കുമ്പോൾ തന്നെ, നികിത ഗാന്ധിയുടെ ഗാനമേളയുണ്ടെന്ന് 22ന് പത്രങ്ങളിൽ നൽകിയ അറിയിപ്പിൽ പറഞ്ഞിരുന്നു.