ഓഡിറ്റോറിയം താക്കോൽ 2 മാസമായി വിദ്യാർഥി നേതാവിന്റെ കയ്യിൽ

Mail This Article
കളമശേരി∙ കൊച്ചി സർവകലാശാലയിൽ 4 പേരുടെ മരണത്തിനിടയാക്കിയ അപ്രതീക്ഷിത ദുരന്തം നടന്ന കുസാറ്റ് ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ പ്രധാന കവാടത്തിന്റെ താക്കോൽ 2 മാസമായി ക്യാംപസിലെ വിദ്യാർഥിസംഘടനാ നേതാവിന്റെ കൈവശമായിരുന്നു. 2 മാസം മുൻപ് വിദ്യാർഥി യൂണിയന്റെ പരിപാടിക്കായി വാങ്ങിയ താക്കോൽ പിന്നീടു വിദ്യാർഥി നേതാവ് തിരികെ നൽകിയില്ല. ധിഷ്ണ ടെക്ഫെസ്റ്റിനായി 2 ദിവസത്തേക്കു സ്കൂൾ ഓഫ് എൻജിനീയറിങ് വിദ്യാർഥികൾ ഓഡിറ്റോറിയം ബുക്ക് ചെയ്തിരുന്നു. ഈ വിദ്യാർഥികൾക്കു താക്കോൽ നൽകിയിരുന്നില്ല. അവരാകട്ടെ ചോദിച്ചു വാങ്ങിയതുമില്ല.
വിദ്യാർഥികൾ എത്തുമ്പോൾ ഓഡിറ്റോറിയത്തിന്റെ പ്രധാന കവാടം തുറന്നുകിടക്കുന്ന നിലയിലായിരുന്നു. മറ്റു 4 ഗേറ്റുകൾ അടച്ചുപൂട്ടിയ നിലയിലായിരുന്നു. ആരും അത് ശ്രദ്ധിച്ചതുമില്ല. ദുരന്തം നടന്നതിനു ശേഷം താക്കോലുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് താക്കോൽ റജിസ്ട്രാർ ഓഫിസിലോ ടെക്ഫെസ്റ്റ് നടത്തിയവരുടെ പക്കലോ ഇല്ലെന്നും 2 മാസമായി വിദ്യാർഥി നേതാവിന്റെ കയ്യിലാണെന്നും വ്യക്തമാകുന്നത്.