മുൻമന്ത്രി സിറിയക് ജോൺ അന്തരിച്ചു
Mail This Article
കോഴിക്കോട് ∙ മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.സിറിയക് ജോൺ (91) അന്തരിച്ചു. മെഡിക്കൽ കോളജിലെ പെയിൻ ആൻഡ് പാലിയേറ്റീവ് സെന്ററിലായിരുന്നു അന്ത്യം. ഇന്നു രാവിലെ 10.30 മുതൽ 12 വരെ ടൗൺഹാളിൽ പൊതുദർശനത്തിനു ശേഷം സംസ്കാരം വൈകിട്ടു 4നു കട്ടിപ്പാറ ഹോളി ഫാമിലി പള്ളിയിൽ.
കർഷക കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റായ സിറിയക് ജോൺ എൻസിപി സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചു. 4 തവണ കേരള നിയമസഭാംഗമായി. 1982 മുതൽ 2 വർഷം കൃഷി മന്ത്രിയുമായിരുന്നു. തിരുവമ്പാടി ഉൾപ്പെട്ട കൽപറ്റ മണ്ഡലത്തിൽ നിന്നു കോൺഗ്രസ് സ്ഥാനാർഥിയായാണ് 1970ൽ നിയമസഭയിലെത്തിയത്. 1977, 80, 82 വർഷങ്ങളിൽ തിരുവമ്പാടിയിൽ നിന്നു വിജയം ആവർത്തിച്ചു. 84ൽ കെ.കരുണാകരൻ മന്ത്രിസഭയിൽ നിന്നു രാജിവച്ച് കോൺഗ്രസ് എസിൽ ചേർന്നു. എൽഡിഎഫ് സ്ഥാനാർഥിയായി 87ൽ ബത്തേരിയിലും 91ലും 96ലും തിരുവമ്പാടിയിലും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2007ൽ കോൺഗ്രസിൽ തിരിച്ചെത്തി.
പാലാ കടപ്ലാമറ്റത്ത് പറതൂക്കിയേൽ ജോണിന്റെയും മറിയാമ്മയുടെയും മകനായി 1933 ജൂൺ 11 നു ജനിച്ചു. കുടുംബം കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയിലേക്കു കുടിയേറിയപ്പോൾ പിതാവിനൊപ്പം കൃഷിയിലേക്കിറങ്ങി. പിന്നീടു പൊതുപ്രവർത്തനത്തിലേക്കു തിരിഞ്ഞു. ഭാര്യ: പരേതയായ കണ്ണോത്ത് വരിക്കമാക്കൽ അന്നക്കുട്ടി. മക്കൾ: പി.സി.ബാബു (ബിസിനസ്), പി.സി.ബീന, പി.സി.മിനി, മനോജ് സിറിയക്, വിനോദ് സിറിയക് (ആർക്കിടെക്ട്). മരുമക്കൾ: ജോയ് തോമസ് (റിട്ട. പിഡബ്ല്യുഡി സൂപ്രണ്ടിങ് എൻജിനീയർ), ജോസ് മേൽവട്ടം (പ്ലാന്റർ), അനിത (ആർക്കിടെക്ട്), പരേതയായ സിൻസി ബാബു.
സിറിയക് ജോൺ മലയോര ജനതയുടെ സ്വന്തം പ്രതിനിധി
കോഴിക്കോട് ∙ മലയോരമേഖലയുടെ കരുത്തുറ്റ പ്രതിനിധി, സാധാരണക്കാരായ പാർട്ടി പ്രവർത്തകർക്കൊപ്പം നിന്ന് എതിരാളിക്കൊരു പോരാളിയായി അക്ഷീണം പ്രയത്നിച്ച ജനനേതാവ്–അന്തരിച്ച സിറിയക് ജോൺ എക്കാലത്തും ഇങ്ങനെയാവും ഓർമിക്കപ്പെടുക.
തനിക്കു നേരെന്നു തോന്നിയതു സാക്ഷാൽ ലീഡർ കെ.കരുണാകരനോടു പോലും നേർക്കുനേർ പറഞ്ഞു വേർപിരിയാൻ മടി കാണിക്കാത്ത തന്റേടി കൂടിയായിരുന്നു സിറിയക് ജോൺ. ആ പോരാളിയെ ആഴത്തിലറിഞ്ഞ ലീഡർ തന്നെ നേരിട്ടെത്തി രാഷ്ട്രീയ എതിരാളിയെ നേരിട്ട കാലവും സിറിയക് ജോണിനെ അറിയുന്നവരുടെ ഓർമയിലുണ്ട്.
കൃഷിമന്ത്രി എന്ന നിലയിൽ ചുരുങ്ങിയ നാളുകളാണ് അദ്ദേഹം പ്രവർത്തിച്ചതെങ്കിലും കർഷകർക്കായി ഒട്ടേറെ കാര്യങ്ങൾ ചെയ്യാനായി.
പഞ്ചായത്തുകൾ തോറും കൃഷിഭവൻ, തിരുവങ്ങൂരിലെ കോക്കനട്ട് കോംപ്ലക്സ് തുടങ്ങിയവ സിറിയക് ജോണിന്റെ സംഭാവനകളായിരുന്നു. കേരളത്തിലെ ആദ്യ എംഎൽഎ റോഡായ തിരുവമ്പാടി-തൊണ്ടിമ്മൻ അഗസ്ത്യൻമൂഴി റോഡ് യാഥാർഥ്യമായത് അദ്ദേഹത്തിന്റെ കാലത്താണ്. 1982ൽ കോൺഗ്രസിൽ പിളർപ്പുണ്ടായപ്പോൾ എ.കെ.ആന്റണിയുടെ പക്ഷത്തായി അദ്ദേഹത്തിന്റെ സ്ഥാനം. പാർട്ടിയിലുണ്ടായ ഭിന്നതകളെ തുടർന്നു കോൺഗ്രസ് വിട്ട സിറിയക് ജോൺ കുറച്ചു കാലം എൻസിപിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. പിന്നീട് 2007ൽ കോൺഗ്രസിൽ തിരിച്ചെത്തി കെപിസിസി നിർവാഹക സമിതിയംഗമായി.