കരുവന്നൂർ സഹകരണ ബാങ്ക്: സിപിഎം ജില്ലാ കമ്മിറ്റിയുടെ രഹസ്യ അക്കൗണ്ടുകൾ കാലിയായെന്ന് സൂചന
Mail This Article
തൃശൂർ ∙ ബെനാമി വായ്പകൾക്കു കമ്മിഷൻ പറ്റാൻ കരുവന്നൂർ സഹകരണ ബാങ്കിൽ സിപിഎം ജില്ലാ കമ്മിറ്റിയുടെ പേരിലുണ്ടെന്നാരോപിക്കപ്പെടുന്ന രണ്ട് അക്കൗണ്ടുകളിലെ മുഴുവൻ തുകയും പിൻവലിക്കപ്പെട്ടതായി സൂചന. ബാങ്ക് തട്ടിപ്പു പുറത്തുവന്ന് ഏതാനും ദിവസത്തിനകം ഈ അക്കൗണ്ടുകളിലെ 90% തുകയും പിൻവലിക്കപ്പെട്ടു. ശേഷിച്ചിരുന്ന ചെറിയ തുക വിവിധ അക്കൗണ്ടുകളിലേക്കു മാറ്റുകയും ചെയ്തെന്നാണു സൂചന. ചോദ്യംചെയ്യലിനു ഹാജരായ ജില്ലാ സെക്രട്ടറി എം.എം. വർഗീസിനോട് ഈ അക്കൗണ്ട് നമ്പറുകളടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഇ.ഡി സംഘം പ്രതികരണം തേടിയെങ്കിലും അറിയില്ലെന്ന മറുപടിയാണു ലഭിച്ചതെന്നു സൂചനയുണ്ട്.
ബാങ്കിൽ നിന്നു നൂറിലേറെ ബെനാമി അക്കൗണ്ടുകളിലേക്ക് 50 ലക്ഷം രൂപ വരെയുള്ള തുകകൾ വായ്പയായി പാസാക്കി നൽകിയിട്ടുണ്ടെന്ന് ഇ.ഡി അന്വേഷണത്തിനിടെ കണ്ടെത്തിയിരുന്നു. ഇവ പാസാക്കിയതു പാർട്ടി നേതൃത്വത്തിന്റെ അറിവോടെയാണെന്നും ഓരോ വായ്പയ്ക്കും ജില്ലാ കമ്മിറ്റിയുടെ രഹസ്യ അക്കൗണ്ടുകളിലേക്കു നിശ്ചിത തുക വീതം കമ്മിഷനായി നൽകിയെന്നും ബാങ്ക് സെക്രട്ടറി അടക്കമുള്ളവർ വാക്കാൽ മൊഴി നൽകിയിരുന്നു. കമ്മിഷൻ കൈമാറിയ അക്കൗണ്ട് നമ്പറുകളും പറഞ്ഞുകൊടുത്തു. എന്നാൽ, ഈ അക്കൗണ്ടുകൾ പാർട്ടി ജില്ലാ നേതൃത്വം നേരിട്ടു നിയന്ത്രിച്ചിരുന്നവയാണെന്നു തെളിയിക്കാൻ കഴിയുന്ന രേഖകൾ കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നാണു സൂചന.
ജില്ലാ കമ്മിറ്റിക്കു പുറമേ ലോക്കൽ കമ്മിറ്റികൾക്കും ബാങ്കിൽ അക്കൗണ്ടുണ്ടായിരുന്നു. ഇവയിലൂടെ നടന്ന ഇടപാടുകളും ഇ.ഡി പരിശോധിക്കുന്നുണ്ട്. എന്നാൽ, അക്കൗണ്ടുകളുടെ വിവരങ്ങളൊന്നും തനിക്കറിയില്ലെന്ന നിലപാടിൽ എം.എം.വർഗീസ് ഉറച്ചുനിൽക്കുന്നതിനാൽ ചോദ്യംചെയ്യലിൽ കാര്യമായ പുരോഗതിയില്ല.