ജയിക്കാൻ പരമാവധി ശ്രമം നടത്താൻ നിർദേശം; കേരളത്തിലെ 6 മണ്ഡലങ്ങളിൽ അമിത് ഷായുടെ നോട്ടം

Mail This Article
തിരുവനന്തപുരം ∙ ബിജെപി ഇതുവരെ ജയിക്കാത്തതും എന്നാൽ ജയസാധ്യത കാണുന്നതുമായ 160 മണ്ഡലങ്ങളിൽ കേന്ദ്രമന്ത്രി അമിത് ഷാ നേരിട്ട് മേൽനോട്ടം നിർവഹിക്കുന്ന 40 എണ്ണത്തിന്റെ പട്ടികയിൽ തിരുവനന്തപുരവും തൃശൂരും. ജയിക്കാൻ പരമാവധി ശ്രമം നടത്താൻ നിർദേശിച്ച് പ്രത്യേക പദ്ധതിയൊരുക്കുന്ന 160 മണ്ഡലങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്ന് ഇവയടക്കം 6 എണ്ണമുണ്ട്. പത്തനംതിട്ട, മാവേലിക്കര, ആറ്റിങ്ങൽ, പാലക്കാട് എന്നിവയാണ് ബാക്കി നാലെണ്ണം.
ഈ 160 മണ്ഡലങ്ങളിൽ 50 സ്ഥലത്തെങ്കിലും ജയിക്കാൻ ലക്ഷ്യമിട്ടാണ് ബിജെപി രണ്ടുവർഷമായി പ്രവർത്തനം നടത്തുന്നത്. കേന്ദ്രമന്ത്രിമാർക്കാണ് ഇവിടെ തിരഞ്ഞെടുപ്പ് ഏകോപനച്ചുമതല .തിരുവനന്തപുരം മണ്ഡലത്തിന്റെ ചുമതല കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന് നൽകിയിരുന്നു. ഇനി അമിത് ഷാ നിർദേശിക്കുന്ന ദേശീയ ഭാരവാഹികളുടെ സംഘമാകും തൃശൂരിലും തിരുവനന്തപുരത്തും പ്രവർത്തനം ശ്രദ്ധിക്കുക.
ഇൗ മണ്ഡലങ്ങളിൽ ജയിക്കാൻ വേണ്ട സാഹചര്യമെന്താണെന്ന് ബിജെപി ദേശീയനേതൃത്വം 2 സർവേ നടത്തി വിവരം ശേഖരിച്ചിട്ടുണ്ട്. ക്രൈസ്തവ സഭകളെ ഉന്നമിട്ടുള്ള പ്രവർത്തനത്തിന് പ്രത്യേക സംഘത്തെ നിശ്ചയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തും തൃശൂരും ഇപ്പോൾ ലഭിച്ചതിനെക്കാൾ 75,000 – ഒരു ലക്ഷം വോട്ട് അധികം കണ്ടെത്തണമെന്നാണ് ബിജെപിയുടെ പഠനം. ശക്തമായ ത്രികോണ മത്സരം ഉണ്ടാകുകയാണെങ്കിൽ ജയിക്കാൻ 60,000 മുതൽ 75,000 വരെ വോട്ട് കൂടുതലായി കണ്ടെത്തിയാൽ മതിയാകും. ത്രികോണ മത്സരമില്ലെങ്കിൽ ഒരു ലക്ഷം വോട്ട് വേണം.
ബിജെപി നേതൃയോഗം ഇന്ന് കോട്ടയത്ത്
കോട്ടയം ∙ ബിജെപി സംസ്ഥാന നേതൃയോഗം ഇന്നു 10നു ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളാണു പ്രധാന ചർച്ച.