ADVERTISEMENT

തിരുവനന്തപുരം ∙ വൈദ്യുതി ബോർഡിന്റെ വാർഷിക വരവു ചെലവു കണക്കിൽ പെ‍ൻഷൻ ഫണ്ടിലേക്ക് ബോർഡ് കടമെടുത്ത തുക കൂടി ഉൾപ്പെടുത്തിയതു ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ, ഇതു വീണ്ടും ഉൾപ്പെടുത്താൻ റഗുലേറ്ററി കമ്മിഷൻ നീക്കം തുടങ്ങി. ഇത് ഉപയോക്താക്കൾക്ക് അമിത ഭാരമാകും. 

2022 – 27 കാലയളവിലേക്കുള്ള ബോർഡിന്റെ വരവുചെലവ് കണക്ക് അംഗീകരിച്ചപ്പോൾ ഓരോ വർഷവും 407 കോടി രൂപ വീതം പെൻഷൻ ഫണ്ടിന്റെ ചെലവായി ഉൾപ്പെടുത്തിയിരുന്നു. ഇത് സെപ്റ്റംബറിൽ ഹൈക്കോടതി റദ്ദാക്കി. കരട് ചട്ടങ്ങളിൽ ഇക്കാര്യം പറയാതെ അന്തിമ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയതു നടപടിക്രമങ്ങളിലെ വീഴ്ചയാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി നടപടി.

നടപടിക്രമങ്ങൾ പാലിച്ച് ഈ തുക ഉൾപ്പെടുത്തുന്നതിനു തടസ്സമില്ലെന്നു നിയമോപദേശം ലഭിച്ച സാഹചര്യത്തിൽ, ഇത് എന്തുകൊണ്ട് ഈടാക്കുന്നുവെന്നു വിശദീകരിക്കുന്ന കരട് രേഖ പ്രസിദ്ധീകരിച്ചു ഹിയറിങ് നടത്താനാണ് കമ്മിഷന്റെ നീക്കം. അതിനു ശേഷം വീണ്ടും ഇതു ചട്ടത്തിൽ ഉൾപ്പെടുത്തുന്നതോടെ പ്രതിവർഷം 407 കോടി രൂപ അനുവദിച്ചതിനു നിയമപ്രാബല്യമാകും.

ഹൈക്കോടതി ഇടപെട്ടതിനെത്തുടർന്ന് ഇത്തവണ വൈദ്യുതിനിരക്ക് വർധിപ്പിച്ചപ്പോൾ ഈ തുക പരിഗണിച്ചിരുന്നില്ല. നിലവിലുള്ള വൈദ്യുതി നിരക്കിന് അടുത്ത ജൂൺ 30 വരെയാണു പ്രാബല്യം. ഈ ചെലവു കൂടി ഉൾപ്പെടുത്തിയാകും അടുത്ത വർധന. ബോർഡിന്റെ കമ്മി പൂർണമായും നിരക്കുവർധനയിലൂടെ നികത്താറില്ലെന്നും പെൻഷൻ ഫണ്ട് തുക പൂർണമായും ഉപയോക്താക്കളിൽനിന്ന് ഈടാക്കുമെന്ന ആക്ഷേപത്തിൽ കഴമ്പില്ലെന്നുമാണ് അധികൃതരുടെ വാദം.

English Summary:

KSEB Pension Fund: Electricity consumers will be overburdened

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com