ഫാറൂഖ് കോളജിൽ ‘കാതൽ’ സിനിമാചർച്ച റദ്ദാക്കി; അപമാനിച്ചെന്നു സംവിധായകൻ
Mail This Article
കോഴിക്കോട്∙ സ്വവർഗ പ്രണയം പ്രമേയമായ ‘കാതൽ’ എന്ന മലയാള സിനിമയുടെ സംവിധായകൻ ജിയോ ബേബിയെ പങ്കെടുപ്പിച്ചു ഫാറൂഖ് കോളജിൽ നടത്താനിരുന്ന ചർച്ച റദ്ദാക്കിയതിനെച്ചൊല്ലി വിവാദം. ചൊവ്വാഴ്ച നടത്താനിരുന്ന ചർച്ചയിൽ പങ്കെടുക്കാൻ കോളജിലെ ഫിലിം ക്ലബ്ബിന്റെ ക്ഷണം സ്വീകരിച്ചു താൻ കോഴിക്കോട്ടെത്തിയ ശേഷമാണു പരിപാടി റദ്ദാക്കിയതായി ക്ലബ് കോ ഓർഡിനേറ്റർ അറിയിച്ചതെന്നും, തന്നെ അപമാനിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജിയോ ബേബി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു. അതേ സമയം, കോളജ് യൂണിയന്റെ എതിർപ്പു മൂലമാണു പരിപാടി റദ്ദാക്കിയതെന്നു കോളജ് അധികൃതർ അറിയിച്ചു. പരിപാടി റദ്ദാക്കിയതിൽ പ്രതിഷേധിച്ച് സ്ഥാനം രാജി വയ്ക്കുന്നതായി ഫിലിം ക്ലബ് കോഓർഡിനേറ്ററായ മലയാളം വിഭാഗം അധ്യാപകൻ വൈകിട്ട് ആഭ്യന്തര വാട്സാപ് ഗ്രൂപ്പിൽ അറിയിച്ചിട്ടുണ്ട്.
വർത്തമാന മലയാള സിനിമയിലെ സൂക്ഷ്മ രാഷ്ട്രീയം എന്ന വിഷയത്തിൽ സംസാരിക്കാനാണു തന്നെ ക്ഷണിച്ചതെന്നു ജിയോ ബേബി പറഞ്ഞു. രാവിലെ കോഴിക്കോട്ട് എത്തിയപ്പോഴാണ് പരിപാടി റദ്ദാക്കിയതായി കോ–ഓർഡിനേറ്റർ വിളിച്ച് അറിയിച്ചത്. കാരണം ഒന്നും പറഞ്ഞില്ല. കാരണം തിരക്കി പ്രിൻസിപ്പലിനു മെയിലിലും വാട്സാപിലും സന്ദേശം അയച്ചെങ്കിലും മറുപടി കിട്ടിയില്ല. അതിനു ശേഷമാണ് സ്റ്റുഡന്റ്സ് യൂണിയന്റെ കത്ത് ഫോർവേർഡ് ചെയ്ത് കിട്ടിയത്– ജിയോ ബേബി പറഞ്ഞു.
പരിപാടിയുമായി സഹകരിക്കില്ലെന്നും പ്രതിഷേധിക്കുമെന്നും വിദ്യാർഥി യൂണിയൻ അറിയിച്ചതിനാലാണു പരിപാടി റദ്ദാക്കിയതെന്ന് ഫാറൂഖ് കോളജ് അധികൃതർ പറഞ്ഞു. വിദ്യാർഥികൾ പ്രതിഷേധിച്ചാൽ ഉദ്ഘാടകന് പ്രയാസം ഉണ്ടാകുമെന്നതിനാൽ പരിപാടി തൽക്കാലം മാറ്റുന്നതാണ് അഭികാമ്യം എന്നു കണ്ടാണു പരിപാടി മാറ്റിവച്ച വിവരം അദ്ദേഹത്തെ അറിയിച്ചതെന്നും കോളജ് അധികൃതർ വ്യക്തമാക്കി.